പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ഷെഹ്ബാസ് ഷെരീഫ്

ഇസ്‌ലാമാബാദ്- പി.എം.എല്‍-എന്‍ പ്രസിഡന്റും മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മാധ്യമങ്ങള്‍ക്കും പൗരസമൂഹത്തിനും അഭിഭാഷകര്‍ക്കും നവാസ് ഷെരീഫ്, ആസിഫ് സര്‍ദാരി, മൗലാന ഫസലുര്‍റഹ്‌മാന്‍, ബിലാവല്‍ ഭൂട്ടോ, ഖാലിദ് മഖ്ബൂല്‍, ഖാലിദ് മാഗ്‌സി, മോസിന്‍ ദാവര്‍, അലി വസീര്‍, അമീര്‍ ഹൈദര്‍ എന്നിവര്‍ക്കും പ്രത്യേക നന്ദിയെന്ന് ഷെരീഫ് ട്വിറ്ററില്‍ കുറിച്ചു.

1947 ല്‍ പാകിസ്ഥാന്‍ ഒരു സ്വതന്ത്ര രാജ്യമായി, എന്നാല്‍ ഭരണമാറ്റത്തിന്റെ വിദേശ ഗൂഢാലോചനക്കെതിരെ സ്വാതന്ത്ര്യസമരം ഇന്ന് വീണ്ടും ആരംഭിക്കുന്നു. തങ്ങളുടെ പരമാധികാരവും ജനാധിപത്യവും എപ്പോഴും സംരക്ഷിക്കുന്നത് രാജ്യത്തെ ജനങ്ങളാണ്- അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു,
അതിനിടെ, ഇമ്രാന്‍ ഖാനോ ഭരണവുമായി ബന്ധമുള്ള ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിദേശയാത്ര നടത്തുന്നത് തടയാനുള്ള നിര്‍ദ്ദേശവുമായി പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സി എഫ്.ഐ.എ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷന്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest News