കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം - കുന്നിക്കോട് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. 2016 ല്‍ സജിയെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട മനോജ് ഒന്നാം പ്രതിയായിരുന്നു. മനോജുമായി കോക്കാട് വച്ച് വാക്കേറ്റമുണ്ടായപ്പോള്‍ സ്വയരക്ഷക്കായി കരുതിയ മഴു കൊണ്ട് വെട്ടിയെന്നാണ് സജിയുടെ മൊഴി. സജിയെ എറണാകുളത്തുനിന്നും അനിമോനെ ഇടമണ്ണില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

കോക്കാട് കൊലപാതകത്തില്‍ പ്രതികളുമായി കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിലെ ഒന്നാംപ്രതി സജിയുടെ ഭാര്യ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതോ ആയുധങ്ങള്‍ കണ്ടെടുക്കുന്നതോ ചിത്രീകരിക്കാന്‍  ഡിവൈ.എസ്.പി മാധ്യമങ്ങളെ അനുവദിച്ചില്ല.

കേരള കോണ്‍ഗ്രസ് ബി യുവജന വിഭാഗം ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റും പട്ടിക ജാതിക്കാരനായ 31 വയസ്സുള്ള മനോജിനെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കോക്കാട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്ന മനോജിനെ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കയ്യിലെ വിരലുകള്‍ വെട്ടിമാറ്റിയ നിലയിലും തലയില്‍ ആഴത്തില്‍ മുറിവുകള്‍ ഉള്ള നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News