Sorry, you need to enable JavaScript to visit this website.

ജിദ്ദ സീസണില്‍ അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, സര്‍ക്കസ്, സംഗീതം

ജിദ്ദ- അടുത്ത മാസം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ നാലു അന്താരാഷ്ട്ര എക്‌സിബിഷനുകളും ഏഴു അറബ് നാടകങ്ങളും രണ്ട് ലോക നാടകങ്ങളും 20 അറബ് സംഗീത പരിപാടികളും മൂന്നു അന്താരാഷ്ട്ര സംഗീത വിരുന്നുകളും  ഇന്റര്‍നാഷണല്‍ സര്‍ക്കസും അഞ്ചു ജല കായിക, വിനോദ പരിപാടികളും 60 ലേറെ എന്റര്‍ടൈന്‍മെന്റ് ഗെയിമുകളും 60 കരിമരുന്ന് പ്രയോഗങ്ങളും  അരങ്ങേറും.
ആഘോഷത്തിന്റെയും ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്ന ആഗോള സീസണ്‍ ആണ് എല്ലാ പ്രായത്തിലും പെട്ട ജിദ്ദ നിവാസികളെയും സന്ദര്‍ശകരെയും കാത്തിരിക്കുന്നതെന്ന് ജിദ്ദ സീസണ്‍ ഡയറക്ടര്‍ ജനറല്‍ നവാഫ് ഖംസാനി പറഞ്ഞു. നിരവധി യുവതീയുവാക്കള്‍ക്ക് ജിദ്ദ സീസണ്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. സൗദിയില്‍ വിനോദ വ്യവസായ മേഖലയില്‍ യുവതീയുവാക്കളുടെ പങ്കാളിത്തം ശക്തമാക്കാന്‍ ജിദ്ദ സീസണ്‍ സഹായിക്കും.
ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്, ജിദ്ദ ബിയര്‍, ജിദ്ദ ജംഗിള്‍, ജിദ്ദ യാട്ട്് ക്ലബ്ബ്, ജിദ്ദ സൂപ്പര്‍ഡോം, പ്രിന്‍സ് മാജിദ് പാര്‍ക്ക്, സിറ്റി വാക്ക്, ഡി സുലെ സര്‍ക്കസ്, ജിദ്ദ അല്‍ബലദ് എന്നീ ഒമ്പതിടങ്ങിലാണ് ജിദ്ദ സീസണ്‍ പരിപാടികള്‍ അരങ്ങേറുക. ജിദ്ദ സീസണ്‍ പരിപാടിക്കു മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്ത സര്‍ക്കസ് പ്രദര്‍ശനങ്ങളാണ് ഡി സുലെ സര്‍ക്കസ് സംഘടിപ്പിക്കുക. ഒരു കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സജ്ജീകരിക്കുന്ന ജിദ്ദ ജംഗിളില്‍ ആയിരത്തിലേറെ വന്യമൃഗങ്ങളും അപൂര്‍വ ഇനത്തില്‍ പെട്ട പക്ഷികളും ഉരഗങ്ങളുമുണ്ടാകും.
ജിദ്ദ ബിയര്‍ ഏരിയയില്‍ 40 ലേറെ എന്റര്‍ടൈന്‍മെന്റ് ഗെയിമുകളും ചെങ്കടല്‍ തീരത്ത് ഏറ്റവും വലിയ മൊബൈല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുമുണ്ടാകും. സിറ്റി വാക്ക് ഏരിയയില്‍ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും തിയേറ്ററുകളും ലൈവ് പ്രദര്‍ശനങ്ങളും മേഖലയിലെ ഏറ്റവും വലിയ ഇറ്ററാക്ടീവ് ജലധാരയും (ഉയരം 50 മീറ്റര്‍) സിനിമാ പ്രദര്‍ശനങ്ങള്‍ക്കുള്ള ഏറ്റവും വലിയ എല്‍.ഇ.ഡി സ്‌ക്രീനുമുണ്ടാകുമെന്നും ജിദ്ദ സീസണ്‍ ഡയറക്ടര്‍ ജനറല്‍ നവാഫ് ഖംസാനി പറഞ്ഞു. ഇത്തവണത്തെ റിയാദ് സീസണ്‍ വന്‍ വിജയമായിരുന്നു. പ്രഥമ റിയാദ് സീസണ്‍ പരിപാടികള്‍ സൗദി അറേബ്യക്കകത്തു നിന്നുള്ളവരും വിദേശങ്ങളില്‍ എത്തിയ ടൂറിസ്റ്റുകളും അടക്കം ഒന്നര കോടിയോളം പേര്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.

 

 

Latest News