റിയാദ് - ബിനാമി ബിസിനസ് സംശയിച്ച് അയ്യായിരത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ കഴിഞ്ഞ മാസം പരിശോധന നടത്തി. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 4,844 വ്യാപാര സ്ഥാപനങ്ങളിലാണ് മാര്‍ച്ചില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധന നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള ഡാറ്റ അനാലിസിസ് സൂചനകളുടെ അടിസ്ഥാനത്തിലാണ് ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിച്ച് 20 സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകള്‍ നടത്തിയത്.
പരിശോധനകള്‍ക്കിടെ ബിനാമിയാണെന്ന് തെളിഞ്ഞ സ്ഥാപനങ്ങള്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരായ കേസുകള്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.