അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്ക് മര്‍ദനം, യുവാവ് അറസ്റ്റില്‍

ഹൗറ- പശ്ചിമ ബംഗാളിലെ ഹൗറയില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന്  ആശുപത്രിയിലെ ഡോക്ടര്‍മാരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
സര്‍ക്കാര്‍ ആശുപത്രിയില്‍ 57 കാരനായ രോഗി മരിച്ചതിന് ശേഷം ശനിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ജില്ലാ ആശുപത്രിയില്‍ ആക്രമണം നടത്തുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തത്.
ചികിത്സാ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടിയിലായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ആക്രമിച്ചത്. ഒരു ഡോക്ടര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റേയാളുടെ തോളെല്ലിനും പരിക്കേറ്റു. ഡോ. പ്രമിത് ബസു, ഡോ. നബറുണ്‍ മജുംദാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഇസിജി മെഷീന്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ആക്രമണ വിവരം ലഭിച്ചയുടന്‍ ആശുപത്രിയിലെത്തിയ പോലീസ് മരിച്ച രോഗിയുടെ മകന്‍ രോഹിതിനെ അറസ്റ്റ് ചെയ്തു.
ഡയാലിസിസ് ചെയ്യാന്‍ കഴിയാതെ വൃക്ക തകരാറിലായതിനാലാണ് രോഗി മരിച്ചതെന്നും ആശുപത്രിയിലുണ്ടായ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പശ്ചിമ ബംഗാള്‍ മന്ത്രിയും ആശുപത്രിയിലെ രോഗികളുടെ ക്ഷേമ സമിതി ചെയര്‍മാനുമായ അരൂപ് റോയ് പറഞ്ഞു.

 

Latest News