നിങ്ങളുടെ അച്ഛനും ഇതു തന്നെയാണ് ചെയ്തത്, ആദ്യം സ്വന്തം വീട് നന്നാക്കൂ, രാഹുലിനോട് മായാവതി

ലഖ്‌നൗ-മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ആദ്യം സ്വന്തം വീട് നന്നാക്കണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ.പി) അധ്യക്ഷ മായാവതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി.
തന്നെയും പാര്‍ട്ടിയെയും കുറിച്ചുള്ള  രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.  
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബി.എസ്.പിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഇപ്പോള്‍ മകന്‍ രാഹുലും അതുതന്നെയാണ് ചെയ്യുന്നതെന്നും മായാവതി ആരോപിച്ചു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാമെന്നും പാര്‍ട്ടി അധ്യക്ഷ മായാവതിയെ മുഖ്യമന്ത്രിയാക്കാമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ച പറഞ്ഞിരുന്നു.സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് മായാവതി  ബിജെപിക്ക് സംസ്ഥാനത്ത് വിജയിക്കാനുള്ള വഴി തുറന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങളില്‍ സത്യമില്ലെന്ന് മായാവാതി പറഞ്ഞു.  കാന്‍ഷി റാമിനെ സിഐഎ ഏജന്റാണെന്ന് പറഞ്ഞാണ് രാജീവ് ഗാന്ധി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ അതേ പാത പിന്തുടരുന്നു. ബിജെപിയുടെ കേന്ദ്ര ഏജന്‍സികളെ ഞാന്‍ ഭയപ്പെടുന്നുവെന്ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സത്യത്തിന്റെ ഒരു തുമ്പും പോലും ഇതിലില്ല- മായാവതി പറഞ്ഞു. 

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. പാര്‍ട്ടി സ്വന്തം റെക്കോര്‍ഡ് പരിശോധിച്ച ശേഷം വേണം മറ്റുള്ളവരെ കുറിച്ച് സംസാരിക്കാന്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് താന്‍ സംസാരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസും  സ്വയം പരിശോധിക്കണമെന്നും മായാവതി പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഫലങ്ങള്‍ അവലോകനം ചെയ്യണം. 2007 മുതല്‍ 2012 വരെ താന്‍ അധികാരത്തിലിരുന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയിരുന്നുവെന്ന് അവര്‍ ആരോപിച്ചു. ആ സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു കേന്ദ്ര സര്‍ക്കാരിനെ നയിച്ചിരുന്നത്- മായാവതി പറഞ്ഞു.

 

Latest News