ദമാം- രണ്ടു മാസം മുൻപ് അൽകോബാർ റാക്കയിൽ താമസസ്ഥലത്ത് തീപ്പിടിത്തത്തിൽ വെന്തു മരിച്ച മലയാളിയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. തിരുവനന്തപുരം വെമ്പായം വേറ്റിനാട് നെടിയൂരിൽ ഇടിക്കുംതറ വീട്ടിൽ രാജൻ വർഗീസിന്റെ മൃതദേഹമാണ് ദമാം എയർപോർട്ടിൽനിന്നും തിരിച്ചയച്ചത്. രാജൻ വർഗീസിന്റെ പേരിൽ നേരത്തെയുള്ള വാഹനാപകട കേസ് തീർപ്പാകാത്തതാണ് മൃതദേഹം തിരിച്ചയക്കാൻ കാരണമായത്.
നേരത്തെ ദമാമിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് പുതിയ വിസയിൽ അൽ കോബാറിലേക്ക് എത്തിയത്. െ്രെഡവർ വിസയിലാണ് എത്തിയത്. കഴിഞ്ഞ ജനുവരി 19 ന് രാത്രി ഉറങ്ങി കിടക്കവേ വൈദ്യുതി ഷോർട്ട് സർക്യൂട്ടായി മുറിക്കു തീപ്പിടിച്ച് വെന്തു മരിക്കുകയുമായിരുന്നു. കോമ്പൗണ്ടിൽ തന്നെയുള്ള ഒരു സുഹൃത്ത് ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മതപത്രം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പേരിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് പൊള്ളലേറ്റ് മരിച്ചതാണെന്ന് ഉറപ്പു വരുത്തുകയും ഇന്ത്യൻ എംബസിയിൽ നിന്നും എൻ.ഒ.സി.യും കൈപറ്റി കഴിഞ്ഞ ദിവസം പാസ്‌പോർട്ട് ജവാസാത്തിൽനിന്നും എക്‌സിറ്റ് അടിക്കുകയും ചെയ്തു. ദമാം മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എമ്പാമിംഗ് ചെയ്ത് തിങ്കളാഴ്ച രാത്രിയുള്ള തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്‌സിൽ നാട്ടിലേക്ക് അയക്കാൻ ദമാം എയർപോർട്ടിൽ എത്തിച്ചെങ്കിലും ഇമിഗ്രേഷനിൽ വെച്ച് തിരിച്ചയക്കുകയായിരുന്നു. നേരത്തെ സൗദിയിൽ വാഹനാപകടത്തിൽ 29,000 റിയാൽ നഷ്ടപരിഹാരം നൽകേണ്ടത് മത്ത്‌ലൂബ് ആയി സിസ്റ്റത്തിൽ ഉള്ളത് കാരണമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലയക്കാൻ കഴിയാതിരുന്നതെന്ന് മൃതദേഹത്തെ ദമാം എയർപോർട്ടിലേക്ക് അനുഗമിച്ചിരുന്ന സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. മരണമടഞ്ഞ രാജൻ വർഗീസിന്റെ പേരിലുള്ള വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത തുഖ്ബയിലെ പോലീസ് സ്‌റ്റേഷനിൽ എത്തി നാസ് വക്കം കേസിന്റെ വിവരങ്ങൾ ശേഖരിക്കുകയും വാഹന ഉടമയുടെ ടെലിഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ നേരിൽ കണ്ടു കേസ് പിൻവലിപ്പിക്കാനുള്ള ശ്രമവുമായി നാസ് വക്കം മുന്നോട്ടു പോകുകയാണ്. വാഹന ഉടമയുടെ ദയാ ദാക്ഷിണ്യം ഈ വിഷയത്തിൽ ഉണ്ടായാൽ അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. രണ്ടു മാസമായി മൃതദേഹമെങ്കിലും ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന സഹധർമ്മിണി ശാന്തയും മകൻ കുമാറും മറ്റു കുടുംബാംഗങ്ങളും ഓരോ ദിവസങ്ങളും നിരന്തരം നാസ് വക്കത്തെ ബന്ധപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.