ലഖ്‌നൗ- ഉത്തർപ്രദേശിലെ മുസഫർനഗറിലും ഷംലിയിലും 2013ൽ മുസ്ലിംകൾക്കു നേരെ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട 131 കലാപക്കേസുകൾ പിൻവലിക്കാനുളള നടപടികൾക്ക് ബിജെപി നേതൃത്വത്തിലുളള യോഗി ആദിത്യനാഥ് സർക്കാർ തുടക്കമിട്ടു. 13 കൊലക്കേസുകളും 11 കൊലപാതകശ്രമക്കേസുകളും ഇതിലുൾപ്പെടും. ചുരുങ്ങിയത് ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തിയ കേസുൾ വരെ കൂട്ടത്തിലുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മതത്തിന്റെ പേരിൽ ശത്രുതയും സ്പർദ്ധയുമുണ്ടാക്കിയ 16 കേസുകളും മനപ്പൂർവ്വം മതവികാരം വൃണപ്പെടുത്തിയ കേസുകളും ഉൾപ്പെടെയാണ് പിൻവലിക്കാൻ നീക്കമുള്ളത്.
2013 സെപ്തംബറിലുണ്ടായ കലാപത്തിൽ 62 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മുസ്്‌ലിംകൾക്ക് നാടും വീടും വിട്ട് രക്ഷതേടി പാലായനം ചെയ്യേണ്ടി വന്നിരുന്നു. കലാപത്തെ തുടർന്ന് 1,455 പേർക്കെതിരെ 503 കേസുകളാണ് മുസഫർനഗർ, ഷംലി പോലീസ് സ്‌റ്റേഷനുകളിൽ രജിസറ്റർ ചെയ്തത്.
ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മുസഫർനഗറിലേയും ഷംലിയിലേയും ഖാപ് പഞ്ചായത്ത് നേതാക്കളും ബി.ജെ.പി എം.പി സഞ്ജീവ് ബല്യാൻ, ബി.ജെ.പി എം.എൽ.എ ഉമേഷ് മാലിക് എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ട് കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഈ കേസുകളിലെല്ലാം പ്രതികൾ സംഘപരിവാർ പ്രവർത്തകരാണ്. ഹിന്ദുക്കൾക്കെതിരായ കേസ് പിൻവലിക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് ബല്യാൻ പറഞ്ഞതായി ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ഫെബ്രുവരി 23ന് മുസഫർനഗർ, ഷംലി ജില്ലാ മജിസ്‌ട്രേറ്റുമാരിൽ നിന്ന് 131 കേസുകളുടെ വിശദാംശങ്ങൾ നിയമ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും 13 കാര്യങ്ങളാണ് ഇതു സംബന്ധിച്ച് നിയമ വകുപ്പ് ജില്ലാ അധികാരിയിൽ നിന്നും തേടിയത്. ഇതിൽ കേസ് പിൻവലിക്കുന്നതിലുള്ള പൊതുതാൽപര്യത്തെ കുറിച്ചും ചോദ്യം ഉണ്ടായിരുന്നു.