ഇസ്‌ലാമാബാദ് - ദേശീയ അസംബ്ലിയിലെ അവിശ്വാസ പ്രമേയത്തില്‍ തന്റെ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പിനിടയിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച രാത്രി മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ രാത്രി 9.00 നാണ് കാബിനറ്റ് യോഗം വിളിച്ചത്. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വോട്ടെടുപ്പിനായി ശനിയാഴ്ച രണ്ട്് തവണ ദേശീയ അസംബ്ലി യോഗം ചേര്‍ന്നെങ്കിലും കൈയാങ്കളിമൂലം നിര്‍ത്തിവെച്ചു. ഇപ്പോള്‍ സഭ തുടരുകയാണ്.
അതേസമയം, അടിയന്തരമായി വോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന സഭ പെട്ടെന്ന് നിര്‍ത്തിവച്ചു. അതിനിടെ, പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതിനെതിരെ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ ശനിയാഴ്ച സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ഡോ. ബാബര്‍ അവാന്‍, അസ്ഹര്‍ സിദ്ദിഖ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, സിന്ധ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, സിന്ധ് ബാര്‍ കൗണ്‍സില്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.