ട്വിറ്റര്‍ തീര്‍ന്നോ? മോഡിയുടേത് ഉൾപ്പെടെ പ്രമുഖ അക്കൗണ്ടുകളില്‍ അനക്കമില്ല; ചര്‍ച്ചയായി മസ്‌കിന്റെ ചോദ്യം

വാഷിങ്ടന്‍- മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഏറ്റവും വലിയ ഓഹരി ഉടമയായി മാറിയ സമ്പന്ന വ്യവസായി ഇലന്‍ മസ്‌ക് പുതിയൊരു ചോദ്യവുമായി രംഗത്തു വന്നത് ചര്‍ച്ചയായി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള 10 പ്രമുഖരുടെ പട്ടിക നിരത്തി ഇവരുടെ അക്കൗണ്ടുകളില്‍ ഇപ്പോള്‍ അപൂര്‍വമായെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാറുള്ളൂവെന്നും പോസ്റ്റ് ചെയ്യുന്നത് തന്നെ വളരെ കുറച്ച് കണ്ടന്റ് മാത്രമാണമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ശേഷം ട്വിറ്റര്‍ മരിക്കുകയോ എന്ന ഒരു ചോദ്യവും. ഇതാണ് ചര്‍ച്ചയായത്. ഇവയിലൊന്ന് മസ്‌കിന്റെ തന്നെ അക്കൗണ്ട് ആണ്.

ബാരക് ഒബാമ, ജസ്റ്റീന്‍ ബീബര്‍, കാറ്റി പെറി, റിഹാന, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടൈലര്‍ സ്വിഫ്റ്റ്, ലേഡ് ഗാഗ, ഇലന്‍ മസ്‌ക്, നരേന്ദ്ര മോഡി, എലന്‍ ഡിജെനറസ് എന്നീ ടോപ് ടെന്‍ അക്കൗണ്ടുകളെ കുറിച്ചാണ് മസ്‌ക് പറഞ്ഞത്.

അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നെന്ന് ആരോപിച്ച് പല തവണ ട്വിറ്ററിനെ കടന്നാക്രമിച്ചിട്ടുള്ള മസ്‌ക് ഈയിടെയാണ് ട്വിറ്ററില്‍ ഒമ്പത് ശതമാനത്തിലേറെ ഓഹരികള്‍ സ്വന്തമാക്കിയത്. ഇതോടെ കമ്പനിയുടെ ബോര്‍ഡിലും അംഗമായി. കമ്പനിയില്‍ മസ്‌കിന്റെ സ്വാധീനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജീവനക്കാരും രംഗത്തുവന്നിരുന്നു. ട്വിറ്ററില്‍ ചില മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അടുത്ത ട്വിറ്റര്‍ ബോര്‍ഡ് യോഗം ഇങ്ങനെയിരിക്കും എന്നെഴുതി താന്‍ കഞ്ചാവ് വലിക്കുന്ന ഒരു പഴയ ചിത്രവും മസ്‌ക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

Latest News