സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ സമാപിക്കും

കണ്ണൂര്‍ - ചരിത്രഭൂമിയെ ചെങ്കടലാക്കിയ സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്ച സമാപിക്കും. കണ്ണൂരില്‍ ചുകപ്പിന്റെ ആവേശക്കടലായി പടരുകയായിരുന്നു അഞ്ചുനാള്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്.
പാര്‍ട്ടി പിറന്ന മണ്ണിന്റെ വിപ്ലവാവേശവും  സംഘടനാക്കരുത്തും അജയ്യമാണെന്നതിന്റെ പ്രഖ്യാപനമായി. പാര്‍ട്ടി കോണ്‍ഗ്രസ്  വീക്ഷിക്കാന്‍  സകുടുംബം ആളുകള്‍ കണ്ണൂരിലേക്ക് ഒഴുകുകയാണ്. നാളെ വൈകുന്നേരം 3 ന്  നായനാര്‍ അക്കാദമി പരിസരത്തു നിന്ന് ചുകപ്പ് സേനാമാര്‍ച്ച് ആരംഭിക്കും. കാല്‍ ലക്ഷം ചുകപ്പ് വളണ്ടിയര്‍മാര്‍ ജില്ലയിലുണ്ടെങ്കിലും തെരഞ്ഞെടുത്ത 1000 പുരുഷ വളണ്ടിയര്‍മാരും 1000 സ്ത്രീ വളണ്ടിയരുമടക്കം 2000 പേര്‍  മാത്രമേ അണിനിരക്കൂ. വളണ്ടിയര്‍ മാര്‍ച്ചിനു പിന്നാലെ പൊളിറ്റ്ബ്യൂറോ -കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും. സമാപന സമ്മേളനത്തിന് എത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത്
പൊതു പ്രകടനം ഒഴിവാക്കിയിരുന്നു.    
ജവഹര്‍ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറില്‍ പൊതുസമ്മേളനം നടക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, മണിക് സര്‍കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി എന്നിവര്‍ സംസാരിക്കും.

 

Latest News