65 വയസിന് മുകളിലുള്ളവര്‍ക്ക് ഈ വര്‍ഷം ഹജിന് അനുമതിയില്ല

കൊണ്ടോട്ടി- ഈ വര്‍ഷം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹജിന് അവസരമുണ്ടാവില്ല. ഈ വര്‍ഷം 10 ലക്ഷം ഹജ് തീര്‍ഥാടകരെ ഉള്‍പ്പെടുത്തി ഹജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സൗദി ഹജ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലുള്ള മാര്‍ഗ നിര്‍ദേശത്തിലാണ് 65 വയസിന് മുകളിലുള്ളവര്‍ക്ക് അനുമതിയില്ലാത്തത്. തീര്‍ഥാടകര്‍ കോവിഡ് 19 രണ്ട് ഡോസും എടുത്തവരായിരിക്കണം. തീര്‍ഥാടകര്‍ യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണം.
കോവിഡ് മഹാമാരിമൂലം രണ്ട് വര്‍ഷമായി ഇന്ത്യയില്‍നിന്നടക്കം ഹജ് തീര്‍ഥാടനത്തിന് സൗദി അനുമതി നല്‍കിയിരുന്നില്ല. ഈ വര്‍ഷം 10 ലക്ഷം പേര്‍ക്ക് മാത്രം തീര്‍ഥാടനത്തിന് സൗദി നിജപ്പെടുത്തിയതോടെ ഇന്ത്യന്‍ ഹജ് ക്വാട്ടയിലും ഗണ്യമായ കുറവുണ്ടാവും. സാധാരണ സൗദി 25 മുതല്‍ 30 ലക്ഷം വരെ പേര്‍ക്ക് ഹജിന് അനുമതി നല്‍കാറുണ്ട്.
1,75,000 മാണ് ഇന്ത്യയുടെ ഹജ് ക്വാട്ട. ഇത് പിന്നീട് 25,000 കൂടി വര്‍ധിപ്പിച്ചതോടെ രണ്ട് ലക്ഷമായി. ഇതില്‍നിന്ന് 30 ശതമാനം സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്ക് നല്‍കും. ഈ വര്‍ഷം ഇന്ത്യയില്‍ 92,000 പേരാണ് ഹജിന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 8,000 പേര്‍ യാത്ര ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഹജ് ക്വാട്ട കുറവായതിനാല്‍ ഇന്ത്യക്ക് 40,000 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അപേക്ഷിച്ച പകുതിയോളം പേര്‍ക്കെങ്കിലും അവസരം ലഭിച്ചേക്കും. കേരളത്തിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഹജ് അപേക്ഷകരുള്ളത്.
സംസ്ഥാനത്ത് 12,806 പേരാണ് ഹജിന് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രത്യേക കാറ്റഗറിയില്‍ തന്നെ 777 അപേക്ഷകളുണ്ട്. പുതിയ നിര്‍ദേശ പ്രകാരം ഇവര്‍ക്കൊന്നും ഹജിന് പോകാനാവില്ല. 45 വയസിന് മുകളില്‍ പ്രായമുള്ള പുരുഷ മെഹ്‌റമില്ലാതെ സ്ത്രീകളുടെ കാറ്റഗറിയില്‍ 2517 പേരും,ജനറല്‍ കാറ്റഗറിയില്‍ 10289 പേരുമാണ് അപേക്ഷിച്ചത്.ഇവരിലും നൂറിലധികം പേര്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

 

 

Latest News