സി.പി.എമ്മിന് സംഘടനാ വീഴ്ചകള്‍ സംഭവിച്ചെന്ന് തുറന്ന് പറഞ്ഞ് പ്രകാശ് കാരാട്ട്

കണ്ണൂര്‍ - സി.പി.എമ്മിന് സംഘടനാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി .അംഗവുമായ പ്രകാശ് കാരാട്ട്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്ന പല നിര്‍ദ്ദേശങ്ങളും നടപ്പാക്കാനായിട്ടില്ല. സംഘടനാപരമായ ദൗര്‍ബല്യങ്ങളും, പോഷക സംഘടനകളുടെ വീഴ്ചകളും കാരണമായിട്ടുണ്ട്. അതിനാല്‍
പാര്‍ട്ടിയില്‍ നേതൃപരമായ ഗുണം ഉറപ്പുവരുത്തുന്ന വിധത്തില്‍ കൂടുതല്‍ യുവാക്കളെ നേതൃനിരയിലെത്തിക്കും.- പ്രകാശ് കാരാട്ട് പറഞ്ഞു.
കര്‍ഷക സമരം, സി.ഐ.എ വിരുദ്ധ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലും കോവിഡ് കാലത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിക്ക് നേതൃ പരമായ പങ്കുവഹിക്കാന്‍ കഴിഞ്ഞുവെങ്കിലും, പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും തൃപുരയിലുമടക്കം പാര്‍ടി അംഗത്വത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് അടക്കമുള്ളവ ഇതിന് കാരണമായിട്ടുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാവും- പ്രകാശ് കാരാട്ട് പറഞ്ഞു.
ഹിന്ദുത്വ അജണ്ടയോട് പാര്‍ട്ടി ഒരിക്കലും അനുകൂല നിലപാട് എടുക്കില്ല. ബി.ജെ.പിയുടെയും ആര്‍ എസ്.എസിന്റെയും നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഹിന്ദുത്വം എന്നത് ആര്‍.എസ്.എസിന്റെ  രാഷ്ട്രീയ പദ്ധതിയാണ്. ഇതേപോലെ ഇസ്ലാമിക തീവ്രവാദത്തേയും പാര്‍ട്ടി എതിര്‍ക്കുന്നുണ്ട്. ബംഗാള്‍, ത്രിപുര തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളികളും ആക്രമണങ്ങളും നേരിടുന്നത് സംഘ പരിവാര്‍ സംഘടനകളില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ജനാധിപത്യ പാര്‍ട്ടിയായി കണക്കാക്കാനാവില്ല. പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരുന്നതിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു.- പ്രകാശ് കാരാട്ട് പറഞ്ഞു.

 

Latest News