ന്യൂദല്‍ഹി- അധികാരത്തോട് തനിക്ക് ഒരിക്കലും ഭ്രമം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ മനസ്സിലാക്കാനാണ് താന്‍ ശ്രമിച്ചതെന്നും മറ്റ് രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിനു വേണ്ടി നിരന്തരം പ്രയത്‌നിക്കുന്ന രാഷ്ട്രീക്കാരുണ്ട്, മുഴുവന്‍ ശക്തി നേടുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. രാവിലെ ഉറക്കമുണരുന്നതു മുതല്‍ എങ്ങനെ കൂടുതല്‍ അധികാരം നേടാം എന്നവര്‍ ചിന്തിക്കുന്നു, രാത്രി ഉറങ്ങുന്നതിനു മുമ്പും അവരുടെ ആലോചന അതു തന്നെയായിരിക്കും.
ഈ രാജ്യം മുഴുവന്‍ ഇത്തരക്കാരാണ്. അധികാരത്തിന്റ നടുക്കാണ് താന്‍ ജനിച്ചത്. പക്ഷേ, സത്യസന്ധമായി പറഞ്ഞാല്‍ തനിക്കതിനോട് യാതൊരു താത്പര്യവുമില്ല. മറിച്ച്, ഈ രാജ്യത്തെ മനസ്സിലാക്കാനും സ്‌നേഹിക്കാനുമാണ് താന്‍ ശ്രമിച്ചത്- രാഹുല്‍ ഗാന്ധി പറഞ്ഞു.






