കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണം

കൊല്ലം- ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ് (ബി). പുനലൂര്‍ കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കോക്കാട് മനുവിലാസത്തില്‍ മനോജ് (39) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഘര്‍ഷം. വെട്ടേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും അറുത്തു മാറ്റിയിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റായിരുന്നു മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

 

Latest News