Sorry, you need to enable JavaScript to visit this website.

പോയ നോട്ടുകളിലേറെ തിരിച്ചെത്തി;  നോട്ടുനിരോധനം വിഫലമെന്നതിന് പുതിയ തെളിവ് 

മുംബൈ- നിരോധിത നോട്ടുകൾക്കു പകരം അതിലേറെ പുതിയ നോട്ടുകൾ വിപണിയിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ. 2016 നവംബറിൽ കേന്ദ്ര സർക്കാർ 1000, 500 രൂപകളുടെ നോട്ടു നിരോധിക്കുമ്പോൾ പ്രവചിച്ചിരുന്നത് നോട്ടുകളുടെ ഉപയോഗം കുറയും, ഇനി കാശ്‌ലെസ് ഡിജിറ്റൽ ഇടപാടുകൾ വൻ തോതിൽ വർധിക്കുമെന്നായിരുന്നു. കാശ്‌ലെസ് ഇടപാടുകൾ ഗണ്യമായി കുറഞ്ഞെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഇതോടൊപ്പം വിപണിയിൽ നിന്നു പോയ നോട്ടുകളേക്കാൾ കൂടുതൽ ഇപ്പോൾ വിപണിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ടു നിരോധിക്കുമ്പോൾ 17.97 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്തൊട്ടാകെ വിപണിയിൽ കറങ്ങിക്കൊണ്ടിരുന്നത്. ഈ മാസം ഒമ്പതു വരെയുള്ള കണക്കുകൾ പ്രകാരം ഇത് 18.13 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നുവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നോട്ടുനിരോധനത്തെ തുടർന്ന് 14.48 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് പിൻവലിക്കപ്പെട്ടത്. തുടർന്ന് രൂക്ഷമായ നോട്ടു ക്ഷാമമുണ്ടായതോടെ ക്രെഡിറ്റ്, ഡെബിറ്റ്, പോയിന്റ് ഓഫ് സെയിൽ മാർഗങ്ങളിലൂടെ കാശ്‌ലെസ് ഇടപാടുകൾ 2017 ഒക്ടോബറോടെ 560 ശതകോടി രൂപയായി ഉയർന്നിരുന്നു. ഇത് ഫെബ്രുവരിയോടെ 465 ശതകോടി രൂപയായി ഇടിയുകയും ചെയ്തിരിക്കുന്നു. വർഷം അവസാനത്തോടെ ജനങ്ങൾ കാർഡ് സൈ്വപ് ചെയ്യുന്ന ഇടപാടു ഗണ്യമായി കുറച്ചെന്നാണ് നിഗമനം.
അതേസമയം യുനൈറ്റഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ വർധനയുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ പേമെന്റ് സംവിധാനമാണ് യുപിഐ.

Latest News