വാങ്ങുന്നവരും സൗദികളാകണം; ജിദ്ദ മാർക്കറ്റിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

വിദേശികൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആളൊഴിഞ്ഞ ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റ്. 

ജിദ്ദ - വിൽക്കുന്നവർ മാത്രമല്ല, വാങ്ങുന്നവരും സൗദികളായിരിക്കണമെന്ന വ്യവസ്ഥ കർശനമാക്കിയതോടെ ജിദ്ദ അൽസഫയിലെ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വില രണ്ടു ദിവസത്തിനിടെ 60 മുതൽ 70 ശതമാനം വരെ കുറഞ്ഞതായി കർഷകരും മാർക്കറ്റിൽ ഉൽപന്നങ്ങൾ എത്തിക്കുന്ന മൊത്ത കച്ചവടക്കാരും പറഞ്ഞു. പുതിയ തീരുമാനം നടപ്പാക്കിയതു വഴി കനത്ത നഷ്ടമാണ് നേരിടുന്നത്. ഏറ്റവും വലിയ നഷ്ടം നേരിടുന്നത് കർഷകർക്കാണെന്ന് മാർക്കറ്റിൽ ലേലത്തിന് നേതൃത്വം നൽകുന്ന ദല്ലാളുമാരുടെ വക്താവ് മുഅ്തസിം അബൂസിനാദ പറഞ്ഞു. 
വാങ്ങുന്നവരും സൗദികളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയതു മുതൽ കർഷകർക്ക് ഭീമമായ നഷ്ടം നേരിട്ടുവരികയാണ്. ദല്ലാളുമാരും കച്ചവടക്കാരും കാർഷികോൽപന്നങ്ങൾ വിൽക്കുന്ന മധ്യവർത്തികൾ മാത്രമാണ്. പച്ചക്കറി മാർക്കറ്റിൽ എത്തുന്ന ഉപയോക്താക്കളിൽ ഭൂരിഭാഗവും വിദേശികളാണ്. മദീന, യാമ്പു, റാബിഗ് അടക്കമുള്ള മറ്റു നഗരങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇവർ. ഇവരുടെ അസാന്നിധ്യം മാർക്കറ്റിൽ വില ഇടിയുന്നതിന് കാരണമായി. കർഷകർക്ക് മുടക്കുമുതൽ പോലും തിരിച്ചുലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഅ്തസിം അബൂസിനാദ പറഞ്ഞു.


സൗദി കർഷകർക്ക് സംരക്ഷണവും പിന്തുണയും നൽകണമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ പച്ചക്കറി കമ്മിറ്റി വൈസ് പ്രസിഡന്റ് ഈദ അൽഹാരിസി ആവശ്യപ്പെട്ടു. വാങ്ങുന്നവരും വിൽക്കുന്നവരും സൗദികളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതു മൂലമുള്ള പ്രശ്‌നം കർഷകരുടെ മേൽ കെട്ടിവെക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ എത്തുന്ന ഉപയോക്താക്കളിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികളുടെയും ആശുപത്രികളുടെയും റെസ്റ്റോറന്റുകളുടെയും മറ്റും പ്രതിനിധികളാണ്. ഉൽപന്നങ്ങൾ വാങ്ങുന്നതിന് സൗദികളെ തന്നെ മാർക്കറ്റിലേക്ക് അയക്കണമെന്ന് ഇത്തരം സ്ഥാപനങ്ങളെ നിർബന്ധിക്കുക സാധ്യമല്ലെന്നും ഈദ അൽഹാരിസി പറഞ്ഞു.
വിൽക്കുന്നവരും വാങ്ങുന്നവരും സൗദികളായിരിക്കണമെന്ന വ്യവസ്ഥ യുക്തിക്ക് നിരക്കുന്നതല്ലെന്ന് സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാര സ്റ്റാൾ നടത്തുന്ന സൗദി പൗരൻ 80 വയസ്സുകാരനായ ഈദ് അൽമസ്‌റൂഇ പറഞ്ഞു. തന്റെ സ്റ്റാളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിന് ലേലം നടക്കുന്ന സ്ഥലത്തേക്ക് വിദേശിയാണെന്ന കാരണത്താൽ മാത്രം തൊഴിലാളിയെ അനുവദിക്കില്ല എന്ന നിബന്ധന അദ്ദേഹം ചോദ്യം ചെയ്തു.
ദിവസേന 200 കാർട്ടൺ വരെ പച്ചക്കറികൾ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ എത്തിച്ച് വിൽപന നടത്തുന്നതിലൂടെ 900 മുതൽ 1,000 റിയാൽ വരെ തനിക്ക് ലഭിച്ചിരുന്നുവെന്ന് ജുമൂമിനു സമീപം ഹുദ അൽശാമിൽ കൃഷി നടത്തുന്ന അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു. എന്നാൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയതോടെ വിൽപന 60 കാർട്ടണായി കുറഞ്ഞു. നഷ്ടം വർധിക്കാതിരിക്കാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ വിൽപന നടത്താൻ നിർബന്ധിതനാണ്-അദ്ദേഹം പറഞ്ഞു. ദിവസേന ശരാശരി ആയിരം കാർട്ടൺ പച്ചക്കറി വിൽപന നടത്തിയിരുന്നുവെന്ന് മറ്റൊരു കർഷകനായ അബ്ദുല്ല അൽഹാരിസി പറഞ്ഞു. കാർട്ടൺ ഒന്നിന് 15 റിയാൽ തോതിൽ ദിവസേന ശരാശരി 15,000 റിയാലിന്റെ കച്ചവടം  നടത്തിയിരുന്നു. എന്നാൽ വിദേശികൾ പ്രവേശിക്കുന്നത് വിലക്കിയതോടെ വിൽപന 60 ശതമാനം കുറഞ്ഞു. പച്ചക്കറികൾ കേടായി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പരമാധി കുറഞ്ഞ നിരക്കിലാണ് വിൽപന നടത്തുന്നത്. വില കുറച്ചിട്ടും 300 കാർട്ടണിൽ കൂടുതൽ വിൽപന നടത്താൻ സാധിക്കുന്നില്ലെന്ന് അബ്ദുല്ല അൽഹാരിസി പറഞ്ഞു. 


സൗദിവൽക്കരണ കമ്മിറ്റിയുടെ തീരുമാനങ്ങളിൽ നിറയെ വൈരുധ്യങ്ങളാണെന്ന് 16 വർഷമായി സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ ലേലം മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുൽ അസീസ് അൽഉതൈബി പറഞ്ഞു. കമ്പനി പ്രതിനിധികളായ വിദേശികൾ മാർക്കറ്റിൽ പ്രവേശിക്കുന്നതിന് ഔദ്യോഗിക കാർഡ് നേടണമെന്ന് സൗദിവൽക്കരണ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ  മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വിദേശികൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. 
ജിദ്ദയിലും ജിദ്ദക്കു പുറത്തും പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ  അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് പച്ചക്കറി മൊത്തമായി വാങ്ങാൻ മാർക്കറ്റിലെത്തുന്നത്. ഇവർക്ക് വിലക്കേർപ്പെടുത്തിയത് രൂക്ഷമായ മാന്ദ്യത്തിനും നഷ്ടത്തിനും ഇടയാക്കുകയാണ്. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽനിന്ന് മൊത്തമായി പച്ചക്കറികൾ വാങ്ങുന്ന കമ്പനി പ്രതിനിധികളിൽ സൗദികൾ അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെയാണ്. കർഷകരും ഹറാജിൽ ജോലി ചെയ്യുന്നവരും എന്ത് കുറ്റമാണ് ചെയ്തതെന്ന് അബ്ദുൽ അസീസ് അൽഉതൈബി ചോദിച്ചു.

 

 

Latest News