ആ വർഗീയ വാദി ഹിന്ദുക്കളുടെ പ്രതിനിധിയല്ല- ശശി തരൂർ എം.പി

ന്യൂദൽഹി- മുസ്്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന ഹിന്ദുത്വ വർഗീയ വാദി നേതാവിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഐ.എസ് തീവ്രവാദി ഇസ്ലാമിന്റെ പ്രതിനിധി ആകാത്ത പോലെ ഇത്തരം തെമ്മാടികൾ ഹിന്ദു മതത്തെയും പ്രതികരിക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. ട്വിറ്ററിലായിരുന്നു തരൂരിന്റെ പ്രതികരണം. 
തരൂരിന്റെ വാക്കുകൾ:

ഒരു ഹിന്ദു എന്ന നിലയിൽ മുസ്ലിം സുഹൃത്തുക്കളോട് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്, ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികൾ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല. ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ നിരസിക്കുന്നവരാണ്. അവർ എവിടെയും ഞങ്ങൾക്കുവേണ്ടിയോ ഹിന്ദുക്കൾക്കു വേണ്ടിയോ സംസാരിക്കുന്നവരല്ല. അവർ അവർക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. തരൂർ ട്വീറ്റ് ചെയ്തു. 
ഉത്തർപ്രദേശിൽ മുസ്ലിം സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നായിരുന്നു മുസ്ലിം പള്ളിക്കുമുന്നിൽ ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുംപോലീസ് നടപടി സ്വീകരിച്ചിട്ടില്ല. സീതാപൂർ ജില്ലയിലെ പള്ളിക്ക് പുറത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്താണ് സന്യാസിയുടെ ഭീഷണി.

ഒരു മുസ്ലിം ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ, മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നാണ് ഇയാൾ പറഞ്ഞത്. ഈ മാസം രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇതുവരെ പോലീസ് നടപടി എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
പുരോഹിതൻ ബജ്റംഗ് മുനിയാണ് ഭീഷണി പ്രസംഗം നടത്തിയത്. സന്യാസി ജീപ്പിനകത്തിരുന്ന് പ്രസംഗിക്കുന്നതാണ് വീഡിയോ. പോലീസുകാരെയും ഇയാൾക്ക് പിന്നിൽ കാണാം. ആൾകൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ചാണ് പ്രസംഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും സന്യാസി പ്രസംഗത്തിൽ ആരോപിക്കുന്നു.
 

Latest News