തൃശൂർ - കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപകനായിരുന്ന ആൾക്കെതിരെ പോക്സോ കേസ്.
മിഴാവ് വിഭാഗത്തിൽ താല്ക്കാലിക അധ്യാപകനായിരുന്ന അഭിജോഷിനെതിരെയാണ് കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോക്സൊ ചുമത്തിയിയത്. മാർച്ച് 26 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡന്റ്സ് യൂണിയന്റെ വാർഷികാഘോഷവേളയിലാണ് അധ്യാപകൻ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിന്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്. പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി.
ഇന്ദിര ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയതിന്റെ ഫലമായാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അധ്യാപകനെതിരെയും വൈസ് ചാൻസലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, മുസ്്ലിം ലീഗ്, ആർ. എസ്. പി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കലാമണ്ഡലത്തിനു മുൻപിൽ ധർണ നടത്തി. എസ്.എഫ്.ഐ കലാമണ്ഡലം യൂണിറ്റും പ്രതിഷേധം പ്രകടിപ്പിച്ചു.






