Sorry, you need to enable JavaScript to visit this website.

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം

തിരുവനന്തപുരം- ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാന മൃഗത്തിനും, പക്ഷിക്കും, പൂവിനും, മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവെച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും 'കേരളത്തിൽ നിന്നുള്ള ചക്ക' എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക 'ഫല'പ്രഖ്യാപനം. ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 
ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽനിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. 
പല തരത്തിൽപ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും സുനിൽകുമാർ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. യാതൊരു വിധ വളപ്രയോഗങ്ങളും കാര്യമായി വേണ്ടി വരാറില്ല. ഗ്രാമങ്ങളിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാൽത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകൾ. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വർധിക്കുമെന്നാണു പ്രതീക്ഷ. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേർക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ചക്ക ഗവേഷണത്തിനായി അമ്പലവയലിൽ കൃഷിവകുപ്പിന്റെ റിസർച് സെന്റർ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വർഷവും സർക്കാർ തലത്തിൽ ചക്ക മഹോത്സവവും നടത്തുന്നു. പഴങ്ങളിൽ വെച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷക സമൃദ്ധമാണ്. 
പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.  ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം. ചക്ക ഉപ്പേരി ഏറെ പ്രശസ്തമായ ഒന്നാണ്. അടുത്തിടെ കരിമീനിനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 
 

Latest News