Sorry, you need to enable JavaScript to visit this website.

മസ്ജിദുല്‍ അഖ്‌സയിലെത്തിയത് പതിനായിരങ്ങള്‍, സമാധാനത്തോടെ റമദാനിലെ ആദ്യ ജുമുഅ

ജറുസലം- വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജറൂസലമിലെ അല്‍അഖ്‌സ പള്ളിയിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികള്‍ ജുമുഅക്കായി ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം പുണ്യമാസത്തില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ അനുഭവത്തില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും  ആദ്യ ജുമുഅ സമാധാനപരമായി കടന്നുപോയി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം, റമല്ല തുടങ്ങിയ നഗരങ്ങളിലുള്ളവര്‍ അഖ്‌സയിലെത്താന്‍ പുലര്‍ച്ചെ മുതല്‍ തന്നെ  ഇസ്രായേല്‍ ചെക്ക്‌പോസ്റ്റുകളില്‍ കാത്തുനിന്നിരുന്നു.
രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം,  യാത്രാ പെര്‍മിറ്റ് കൈവശമുള്ള ഫലസ്തീനികളെ വെസ്റ്റ് ബാങ്കില്‍ നിന്ന് ജറുസലേമിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു.
തെല്‍ അവീവ് നഗരത്തില്‍ വ്യാഴാഴ്ച  തോക്കുധാരി രണ്ട് പേരെ വെടിവച്ചു കൊന്ന സംഭവം സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നും ഭയപ്പെട്ടിരുന്നു. പുണ്യമേറിയ ആരാധനാലയമാണ് മസ്ജുദുല്‍ അഖ്‌സയെന്നും അവിടെ എത്താന്‍ എന്തു ത്യാഗവും സഹിക്കുമെന്നുമാണ് ഫലസ്തീനികളുടെ പ്രതികരണം.
ഇസ്രായേല്‍ അധികൃതര്‍ ഞങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന്  കരുതിയിരുന്നു. പക്ഷേ എല്ലാം ശരിയായി.  ദൈവത്തിന് സ്തുതി- ബെത്‌ലഹേമില്‍ നിന്നുള്ള ഹുസൈന്‍ അബായത്ത് പറഞ്ഞു.
ഇസ്രായേല്‍ സൈന്യം രാജ്യത്തുടനീളം അതീവ ജാഗ്രതയിലാണെന്നും ഭീകരത തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ അയവൊന്നുമില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
തെല്‍അവീവില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. അല്‍അഖ്‌സ മസ്ജിദിലേക്കുള്ള ആവര്‍ത്തിച്ചുള്ള നുഴഞ്ഞുകയറ്റത്തിനും തീവ്രവാദ കുടിയേറ്റ ഗ്രൂപ്പുകളുടെ പ്രകോപനപരമായ നടപടികള്‍ക്കുമെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  
റമദാന്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തീവ്ര വലതുപക്ഷ ഇസ്രായേല്‍ ജനപ്രതിനിധി ഇറ്റാമര്‍ ബെന്‍ഗ്വിര്‍  അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ പര്യടനം നടത്തിയിരുന്നു. ഫലസ്തീനികള്‍ പ്രകോപനമായാണ് ഇതിനെ കണ്ടത്.
കഴിഞ്ഞ വര്‍ഷം റമദാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍ പലസ്തീനികളും ഇസ്രായേല്‍ പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണികളും അല്‍അഖ്‌സ പള്ളിയിലെ പോലീസ് റെയ്ഡുകളും 11 ദിവസത്തെ ഇസ്രായേല്‍-ഗാസ യുദ്ധത്തിനാണ് തിരികൊളുത്തിയത്. , ഇത് ഗാസയില്‍ 250 ലേറെ ഫലസ്തീനികളുടേയും ഇസ്രായേലില്‍ 13 പേരുടേയും മരണത്തിലാണ് കലാശിച്ചത്.

 

Latest News