Sorry, you need to enable JavaScript to visit this website.

കർണാടക എന്ന പരീക്ഷണശാല

കർണാടകയിൽ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ ശ്രദ്ധാപൂർവമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. സംയമനത്തോടെയും ദീർഘവീക്ഷണത്തോടെയും ഈ സാമൂഹിക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ മതേതര കക്ഷികൾ ജാഗ്രതയോടെ നിലയുറപ്പിച്ചില്ലെങ്കിൽ കർണാടക മറ്റൊരു ഗുജറാത്താകാൻ അധികസമയമൊന്നും വേണ്ടിവരില്ല. എത്ര നേരത്തെ ഈ അപകടം തിരിച്ചറിയുന്നോ അത്രയും നേരത്തെ രാജ്യത്തെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാം.

 

ഒടുവിൽ സംഘ്പരിവാർ ആഗ്രഹിച്ചത് സംഭവിച്ചു. മരിച്ചെന്നോ ജീവിച്ചിരിക്കുന്നുവെന്നോ ആർക്കും ഉറപ്പില്ലാത്ത അയ്മൻ സവാഹിരി അഫ്ഗാനിലെ മലമടക്കുകളിൽനിന്നെവിടെയോ നിന്നായിരിക്കണം, ഒരു വീഡിയോ ഷൂട്ട് ചെയ്ത് ലോകമാധ്യമങ്ങൾക്ക് നൽകി. ഇന്ത്യയിലെ മുസ്‌ലിംകൾ ഒരുമയോടെ നിന്ന് ഹിജാബ് വിഷയത്തിൽ പ്രതികരിക്കണമെന്നാണ് സവാഹിരിയുടെ ആഹ്വാനം. ലോകമെങ്ങുമായി മുസ്‌ലിംകൾ അടക്കം ആയിരക്കണക്കിനാളുകളുടെ കൊലക്കും കൊള്ളിവെപ്പിനും യുദ്ധങ്ങൾക്കും കാരണമായ വിനാശകരമായ ഭീകരവാദ ആശയങ്ങളുടെ പ്രയോക്താവ് ഒരു ജനതയെ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നു. ഇനി സവാഹിരിയുടെ വാക്കുകൾക്ക് മറുപടി പറയാൻ ഇന്ത്യയിലെ മുസ്‌ലിംകളെ നിർബന്ധിക്കുന്ന സാമൂഹിക, രാഷ്ട്രീയ അവസ്ഥയാണ് സംജാതമാകുക. അതിനുള്ള വെടിമരുന്ന് നമ്മുടെ രാഷ്ട്രീയ പരീക്ഷണ ശാലകളിൽ ആവോളമുണ്ടല്ലോ.


കർണാടകയിലെ ഹിജാബ് വിവാദം ലോകതലത്തിൽ ശ്രദ്ധിക്കപ്പെടാനിടയാക്കിയ മസ്‌കാൻ ഖാൻ എന്ന മുസ്‌ലിം വിദ്യാർഥിനിയുടെ പേര് എടുത്തുപറഞ്ഞാണ് സവാഹിരിയുടെ വീഡിയോ. മസ്‌കാൻ ഖാന്റെ പിതാവ് അപ്പോൾ തന്നെ സവാഹിരിയെ തള്ളി. തന്റെ രാജ്യത്തിന്റെ കാര്യം പറയാൻ അയാളാര് എന്ന ദേശസ്‌നേഹപരമായ ചോദ്യമുയർത്തിയാണ് ആ പിതാവ് സവാഹിരിയെ നേരിട്ടത്. ജയ്ശ്രീറാം വിളികളോടെ സഹപാഠികളും കോളേജിന് പുറത്തുനിന്നെത്തിയ ഹിന്ദുത്വ തീവ്രവാദികളും തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോൾ, ഒരു ആന്തരിക ചോദനയിലെന്നവണ്ണം അല്ലാഹു അക്ബർ എന്ന മറുമുദ്രാവാക്യമുയർത്തി ആത്മവിശ്വാസത്തോടെ ക്ലാസ് മുറിയിലേക്ക് നടന്നുപോയ വിദ്യാർഥിനിയാണ് മസ്‌കാൻ ഖാൻ. എല്ലാറ്റിനേയും വൈറലാക്കുന്ന മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മികച്ച പണിയെടുത്തതോടെ മസ്‌കാൻ ഖാൻ എന്ന ആ വിദ്യാർഥിനി മണിക്കൂറുകൾക്കുള്ളിൽ താരമായി. ലോകമെമ്പാടും മസ്‌കാന്റെ ധീരമായ പ്രതികരണം സംപ്രേഷണം ചെയ്യപ്പെട്ടു. വിദേശ മാധ്യമങ്ങൾ പോലും അവരെ കാണാനും അഭിമുഖമെടുക്കാനും തത്രപ്പെട്ട് കർണാടകയിലെ കൊച്ചുപ്രദേശത്തെത്തി. 


മസ്‌കാൻ ഖാന്റേത് ആസൂത്രിതമായി നടത്തിയ പ്രതികരണമായിരുന്നില്ല. പെട്ടെന്നുണ്ടായ ആക്രമണ ശ്രമത്തിനിടെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴുണ്ടായ ആകസ്മിക പ്രതികരണമായിരുന്നു. അത് മസ്‌കാൻ തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഹിജാബ് അനുവദിക്കണമെന്ന ആവശ്യവുമായി തെരുവിലും കോടതിയിലുമൊക്കെ എത്തിയവർക്ക് അത് പ്രചോദനമായത് സ്വാഭാവികം. എന്നാൽ ലോകം ഭീകരമുദ്ര ചാർത്തിയ, ലോകസമാധാനത്തിന് വലിയ വെല്ലുവിളികളുയർത്തുന്ന ഒരു ഭീകരവാദി നേതാവ് മസ്‌കാൻ ഖാനെ അനുകൂലിച്ചു രംഗത്തു വരുമ്പോൾ അതത്ര സ്വാഭാവികമായ കാര്യമല്ല. സാമുദായിക സമവാക്യങ്ങളെ തകിടം മറിക്കാൻ ശേഷിയുള്ള രാഷ്ട്രീയ പ്രസ്താവനയായി അത് മാറുന്നുണ്ട്. അതിനാൽ തന്നെ മസ്‌കാന്റെ പിതാവ് ഉചിതമായി പ്രതികരിച്ചുവെന്ന് തന്നെ വേണം കരുതാൻ.
ഒരു ജനവിഭാഗത്തിൽ ഭീതിയും ആശങ്കയും ജനിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർ കർണാടകയെ തങ്ങളുടെ അരങ്ങാക്കിയിട്ട് കുറച്ചുകാലമായി. ഹിന്ദുത്വ പരീക്ഷണത്തിന്റെ ആദ്യ ലബോറട്ടറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽനിന്ന് കർണാടകയിലെ ബി.ജെ.പിയും പാർശ്വശക്തികളായ അതിതീവ്ര സംഘടനകളും പാഠം ഉൾക്കൊള്ളുന്നുവെന്ന് കരുതാൻ എല്ലാ ന്യായങ്ങളുമുണ്ട്. അവിടെ ഒന്നിനു പിന്നാലെ ഒന്നായി ഉയർന്നുവരുന്ന സാമുദായിക പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുകയാണെന്ന് തിരിച്ചറിയാൻ അധികം രാഷ്ട്രീയ ബോധമൊന്നും ആവശ്യമില്ല. ഗുജറാത്തിലെ 15 വർഷത്തെ നരേന്ദ്ര മോഡി ഭരണത്തിന്റെ യാത്രാവഴികൾ നോക്കിയാൽ മാത്രം മതി.


പോലീസിനെയും സർക്കാർ മെഷിനറിയേയും അടിമുടി വർഗീയവത്കരിച്ച്, കോടതിയേയും പ്രാദേശിക സ്ഥാപനങ്ങളെയും സമ്മർദത്തിലാക്കി ഒരു ജനവിഭാഗത്തിനെതിരെ വിദ്വേഷവും വെറുപ്പും അഴിച്ചുവിടുകയെന്ന ഹിന്ദുത്വ തന്ത്രമാണ് ആദ്യം ഗുജറാത്തിലും പിന്നീട് ദേശീയ തലത്തിലും വിജയിച്ചത്. ഇതേ തന്ത്രം രാജ്യത്തെ പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ചു. ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശ് പിടിച്ചെടുക്കുന്നതിനായുള്ള ആസൂത്രിത ശ്രമങ്ങൾ വൻകലാപങ്ങൾക്കും ആൾക്കൂട്ട കൊലകൾക്കുമാണ് ഇടയാക്കിയത്. മുസഫർപൂരിലും മീറത്തിലും മറ്റുമുണ്ടായ കലാപങ്ങളിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാകുകയും ചെയ്തു. വീട്ടിലെ ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വയോവൃദ്ധനെ തല്ലിക്കൊന്നത് ഉത്തർപ്രദേശിലെ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി. ഇതിന്റെയെല്ലാം ഫലമായി ജനങ്ങൾ തമ്മിലുടലെടുത്ത മതപരമായ വിഭജനമാണ് തുടർച്ചയായി രണ്ടാം തവണയും മോഡി സർക്കാരിനെയും ഇപ്പോൾ ഉത്തർപ്രദേശിൽ യോഗി സർക്കാരിനെയും അധികാരത്തിലേറാൻ സഹായിച്ചത്. 


ഇതിന്റെ പുതിയ മാതൃകയാണ് ഹിന്ദുത്വ സംഘടനകൾ കർണാടകയിൽ ഇപ്പോൾ പ്രയോഗിക്കുന്നത്. തുടർച്ചയായി അവിടെയുണ്ടാകുന്ന വിവാദങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം മനസ്സിലാകും. ഒന്നാമതായി, മുസ്‌ലിംകളെ സംബന്ധിച്ച് അവരുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട സെൻസിറ്റീവ് വിഷയങ്ങളെയാണ് ഇത്തരം സംഘടനകൾ പ്രശ്‌നവത്കരിക്കുന്നത്. രണ്ടാമത്, പ്രാദേശിക തലങ്ങളിൽ ചെറിയ രീതിയിൽ മുളപൊട്ടുകയും അത് പതുക്കെ പ്രചരിച്ച് സംസ്ഥാനത്തും രാജ്യമെമ്പാടും വലിയ വിഷയമായി മാറ്റുകയും ചെയ്യുകയെന്ന രീതിയാണ്. ഇത് രണ്ടും ശ്രദ്ധാപൂർവമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകും. മുളയിലേ നുള്ളിയില്ലെങ്കിൽ വലിയ കലാപങ്ങളുടെ തീപ്പൊരി ചിതറിക്കാൻ ഇത്തരം സംഭവങ്ങൾ മതിയാകും.


ഉഡുപ്പിയിലെ ഒരു കോളേജിലുണ്ടായ ഹിജാബ് വിവാദം എത്ര പെട്ടെന്നാണ് രാജ്യമെമ്പാടും ചർച്ചാവിഷയമായതെന്ന് നോക്കുക. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളും സമാനമാണ്. ഉച്ചഭാഷിണിയിലെ ബാങ്ക് വിളി, ക്ഷേത്രോത്സവസ്ഥലത്തെ മുസ്‌ലിം വ്യാപാരികളുടെ സാന്നിധ്യം, ഇറച്ചിവിൽപനക്കെതിരായ നീക്കങ്ങൾ, കേരളത്തിൽ ക്ലച്ച് പിടിക്കാതെ പോയ ഹലാൽ ഭക്ഷണ വിവാദം, ഏറ്റവുമൊടുവിൽ കർണാടകയിൽ പഴം, പച്ചക്കറി വിൽപന മേഖലയിൽനിന്ന് മുസ്‌ലിംകളെ പുറത്താക്കാനുള്ള ആഹ്വാനം ഇതെല്ലാം സാമുദായിക സ്പർധ വളർത്തുന്നതിനുള്ള ആസൂത്രിത നീക്കങ്ങളാണ്. എത്രയോ കൊല്ലങ്ങളായി തുടർന്നുപോരുന്നതും സമാധാന ജീവിതത്തിന് ഭംഗം വരുത്താത്തതുമായ കാര്യങ്ങളെയാണ് പെട്ടെന്നൊരു ദിവസം പ്രശ്‌നവത്കരിക്കുന്നത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്ന തിരിച്ചറിവുമാകാം വലിയ പ്രകോപനങ്ങളിലേക്ക് ഇത്തരം സംഭവങ്ങൾ എത്തിച്ചേരാതിരിക്കാൻ കാരണം. എന്നാൽ തുടർച്ചയായി ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാമുദായികാന്തരീക്ഷം കലുഷിതമാക്കുമെന്നത് ഉറപ്പാണ്.


സംയമനത്തോടെയും ദീർഘവീക്ഷണത്തോടെയും ഈ സാമൂഹിക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ മതേതര കക്ഷികൾ ജാഗ്രതയോടെ നിലയുറപ്പിച്ചില്ലെങ്കിൽ കർണാടക മറ്റൊരു ഗുജറാത്താകാൻ അധിക സമയമൊന്നും വേണ്ടിവരില്ല. വൈകാതെ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും പിന്നീടുള്ള ദേശീയ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ബി.ജെ.പി കരുക്കൾ നീക്കിക്കഴിഞ്ഞു. തമ്മിലടിയും പടലപ്പിണക്കങ്ങളും പ്രത്യയശാസ്ത്ര ദാർഢ്യങ്ങളും മാറ്റിനിർത്തി സമകാലിക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ അഭിമുഖീകരിക്കാൻ മതേതര പാർട്ടികൾ അടിയന്തരമായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ പെഷാവറിലെയോ പഷ്തൂണിലെയോ മലമടക്കുകളിലിരുന്ന് ഒരു അയ്മൻ സവാഹിരിക്ക് പോലും നമ്മുടെ സമാധാന ജീവിതം അപകടപ്പെടുത്താൻ കഴിയും.

Latest News