കാബൂൾ-അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂനിവേഴ്‌സിറ്റിക്കു സമീപമുണ്ടായ സ്‌ഫോടനത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇന്നലെ പകലുണ്ടായ ആക്രമണത്തിൽ 52 പേർക്ക് പരിക്കേറ്റു.
അലി അബാദ് ആശുപത്രിയുടെയും കാബൂൾ യൂനിവേഴ്‌സിറ്റിയുടെയും സമീപത്താണ് സ്‌ഫോടനമുണ്ടായത്. ജനങ്ങൾ കൂടിനിൽക്കുമ്പോൾ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വസന്തകാലം തുടങ്ങുന്നതിന്റെ ഭാഗമായി 'നൗറുസ്' അവധി ആഘോഷിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി ദേശീയ അവധിയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കാബൂൾ നഗരത്തിൽ എത്തിയിരുന്നു. ആഘോഷ പരിപാടികൾക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനുവരിയിൽ 100 പേരോളം കൊല്ലപ്പെട്ട ആക്രമണത്തെത്തുടർന്നു മേഖലയിൽ സുരക്ഷ ശക്തമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇതോടെ വൃഥാവിലായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.