Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമാകില്ല, ഞായറാഴ്ച മുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യം

ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് വൈറസിന് എതിരായ ബൂസ്റ്റർ ഡോസുകൾ എല്ലാവർക്കും സൗജന്യമാകില്ല. ഞായറാഴ്ച മുതൽ എല്ലാ മുതിർന്നവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസുകൾ ലഭ്യമാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കായി പ്രഖ്യാപിച്ച ബൂസ്റ്റർ ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, മൂന്നാമത്തെ ഡോസ് മിക്ക മുതിർന്നവർക്കും സൗജന്യമായിരിക്കില്ല എന്നാണ് ഉത്തരവ് അർത്ഥമാക്കുന്നത്.

'ഒന്നാം, രണ്ടാം ഡോസുകൾക്കുള്ള സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി നടന്നുകൊണ്ടിരിക്കുന്ന സൗജന്യ വാക്സിനേഷൻ പരിപാടി, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60-ലധികം ആളുകൾ എന്നിവർക്കുള്ള മുൻകരുതൽ ഡോസ് തുടരുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ 15 വയസും അതിൽ കൂടുതലുമുള്ള ജനസംഖ്യയിൽ 96 ശതമാനം പേർക്കും ഇതോടകം ഒരു വാക്‌സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ആരോഗ്യമന്ത്രാലായം വ്യക്തമാക്കി. പല രാജ്യങ്ങളിലും അണുബാധകൾ വർദ്ധിക്കുകയും ചില ഇന്ത്യക്കാർക്ക് മൂന്നാം ഡോസ് ഇല്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ നൽകാനുള്ള തീരുമാനം. ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് വാക്‌സിനേഷൻ പൂർത്തിയായതായി കണക്കാക്കുന്നില്ല.

എക്‌സ്.ഇ വേരിയന്റ് ഉൾപ്പെടെയുള്ള കൊറോണ വൈറസിന്റെ പുതിയ മ്യൂട്ടേഷനുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ഇന്ത്യയിൽ അണുബാധകൾ ഒരു വർഷത്തിലേറെയായി ഏറ്റവും താഴ്ന്ന നിലയിലെത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,109 പുതിയ കേസുകളാണ് കണ്ടെത്തിയത്. 43 പേർ മരിച്ചു.  4.3 കോടിയിലധികം പേർക്കാണ് ഇന്ത്യയിൽ ഇതേവരെ കോവിഡ് ബാധിച്ചത്.  5.21 ലക്ഷം പേർ മരിച്ചു.

Latest News