VIDEO പള്ളിക്ക് മുന്നില്‍ ഭീഷണി പ്രസംഗം, മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യും

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മുസ്‌ലിം സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് മുസ്ലിം പള്ളിക്കുമുന്നില്‍ ഹിന്ദുത്വ നേതാവിന്റെ  വിദ്വേഷ പ്രസംഗം. ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശം.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും  നടപടിയെടുക്കുമെന്ന് മാത്രമാണ് പോലീസ് പറയുന്നത്.
സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്താണ് സന്യാസിയുടെ ഭീഷണി.
ഒരു മുസ്‌ലിം ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍, മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഈ മാസം രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇതുവരെ പോലീസ് നടപടി എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
പുരോഹിതന്‍ ബജ്‌റംഗ് മുനിയാണ് ഭീഷണി പ്രസംഗം നടത്തിയത്.  കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയ്ക്കും ദേശീയ വനിതാ കമ്മീഷനും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഫഌഗുചെയ്തു.
സന്യാസി ജീപ്പിനകത്തിരുന്ന് പ്രസംഗിക്കുന്നതാണ് വീഡിയോ. പോലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാം.  ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ചാണ് പ്രസംഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും സന്യാസി പ്രസംഗത്തില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സിതാപൂര്‍ പോലീസ് പറഞ്ഞു.

 

Latest News