ന്യൂദല്‍ഹി-കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദൈ്വമാസ നയമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് മുമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് 7.2 ശതമാനം ആയിരിക്കുമെന്നാണ് പുതിയ വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്നും 5.7 ആയി ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തെ അട്ടിമറിക്കുന്നതാണ് റഷ്യ-ഉക്രൈന്‍ യുദ്ധമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.