ഇനി ഏതു ഭാഷയില്‍ പറയണം, സില്‍വര്‍ ലൈനില്‍ ഭിന്നതയില്ലെന്ന് യെച്ചൂരി

കണ്ണൂര്‍- സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് പാര്‍ട്ടി  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഏത് ഭാഷയിലാണ് ഇനി പറയേണ്ടതെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വികസനമുണ്ടാകാന്‍ പാടില്ല എന്ന നിലപാടുള്ള ഒരു സംഘമാണ് സില്‍വര്‍ലൈന്‍ പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങള്‍  അങ്ങേയറ്റം പ്രാധാന്യത്തോടെ പരിഗണിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇക്കാര്യത്തില്‍ യെച്ചൂരിയും പിണറായിയും ഞാനും പറയുന്നത് ഒരേ കാര്യമാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്ന് എസ്.ആര്‍.പി പറഞ്ഞു.

സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികള്‍ക്ക് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ശ്രമം നടക്കുന്നു. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം അവര്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ്.ആര്‍.പി ചോദ്യത്തിനു മറുപടി നല്‍കി.

 

Latest News