തിരുവനന്തപുരം-രാത്രി പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പാറശ്ശാല പോലീസ് ജീപ്പില്‍നിന്നു കണക്കില്‍പ്പെടാത്ത 13,960 രൂപ വിജിലന്‍സ് കണ്ടെത്തി.ജീപ്പില്‍ ചുരുട്ടിവെച്ച നിലയില്‍ കണ്ടെത്തിയ നോട്ടുകള്‍ കൈക്കൂലിപ്പണമാണെന്ന് വിജിലന്‍സ് അറിയിച്ചു. ഈ തുക സ്‌റ്റേഷനിലെ ക്യാഷ് ഡെപ്പോസിറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചു.
രാത്രികാലത്ത് ടിപ്പര്‍ ലോറിക്കാരില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നു വരുന്ന ചരക്കുലോറിക്കാരില്‍നിന്നും പോലീസ് പണപ്പിരിവ് നടത്തുന്നുവെന്ന് പരാതിയെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന. രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് വാഹനം വിജിലന്‍സ് സംഘം പിന്തുടര്‍ന്ന് നിരീക്ഷിച്ചശേഷം വെളുപ്പിന് പരിശോധന നടത്തുകയായിരുന്നു. 100, 200, 500 എന്നിവയുടെ നോട്ടുകളാണ് കണ്ടെത്തിയത്.
പോലീസ് വാഹനത്തില്‍ പരിശോധന നടത്തുമ്പോള്‍ എ.എസ്.ഐ, െ്രെഡവര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കണ്ടെത്തിയ പണത്തെക്കുറിച്ച് ജീപ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിജിലന്‍സ് സംഘം പോലീസ് സ്‌റ്റേഷനിലെത്തി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ പരിശോധിച്ചെങ്കിലും കണ്ടെത്തിയ തുക അതില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് കയറുന്ന സമയത്ത് കൈവശമുള്ള പണത്തിന്റെ വിവരം ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ.






