Sorry, you need to enable JavaScript to visit this website.

കുരുക്കിലാകുന്നതിന് തൊട്ടുമുമ്പ് സക്കർബർഗ് വിറ്റഴിച്ചത് ഫേസ്ബുക്കിന്റെ 11 ലക്ഷം ഓഹരികൾ

സാൻഫ്രാൻസിസ്‌കോ- കോടിക്കണക്കിന് യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ കൂട്ടുനിന്നതിന് പഴികേട്ടു കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിനെ വെട്ടിലാക്കി പുതിയ റിപ്പോർട്ടുകൾ. ഡേറ്റ മോഷണ വാർത്ത പുറത്തു വരുന്നതിനു തൊട്ടുമുമ്പ് കമ്പനിയുടെ 1.14 ദശലകഷം ഓഹരികൾ സക്കർബർഗ് വിറ്റു കാശാക്കി മാറ്റിയതാണ് അദ്ദേഹത്തെ വീണ്ടും സംശയനിഴലിലാക്കിയിരിക്കുന്നത്. സക്കർബർഗും ഫേസ്ബുക്കിലെ മറ്റു ഉന്നതരും ചേർന്ന് കമ്പനി ഓഹരിയുടെ വിപണി വിലയേക്കാൾ കൂടിയ വിലക്കാണ് തങ്ങളുടെ പക്കലുള്ള ഓഹരികൾ വിറ്റഴിച്ചത്. ഫേസ്ബുക്കിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം ഉണ്ടായതിനു ശേഷം കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ 52 ശതകോടി ഡോളറിന്റെ നഷ്ടം ഉണ്ടായിരുന്നു. 
ഈ വിലയിടിവ് മുന്നിൽ കണ്ടാണ് സക്കർബർഗ് തന്റെ ഓഹരികളിൽ ഒരു ഭാഗം വൻതുകക്ക് വിറ്റഴിച്ചതെന്ന് ആരോപണമുയർന്നെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഇൻസൈഡർ ട്രേഡാണ് ഇതെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. അതേസമയം കമ്പനി കുരക്കിലായ സമയത്ത് ഉടമ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നത് ഈ നിർണായക ഘത്തിൽ കമ്പനിയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിക്കും.
വിവാദം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഓഹരി വിപണിയിൽ ഫേസ്ബുക്കിന്റെ ഓഹരികളിൽ 6.77 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി ഒന്നിന് 163 ഡോളർ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. സക്കർബർഗ് ഇതുവരെ വിറ്റഴിച്ച ഓഹരികളിൽ ഏറ്റവും കൂടിയ വിൽപ്പനയാണിത്. 18 മാസത്തിനിടെ കമ്പനിയിൽ തന്റെ ഓഹരികളിൽ 75 ദശലക്ഷം വരെ വിറ്റഴിക്കുമെന്ന് സക്കർബർഗ് സെപ്തംബറിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നേതൃത്തിലുള്ള ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി പണം സ്വരൂപിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മാർച്ച് 8, 9 തീയതികളിലായി 2.28 ലക്ഷം ഓഹരി വിഹിതവും  മാർച്ച് 12, 13 തീയതികളിൽ 2.20 ലക്ഷം ഓഹരികളും മാർച്ച് 14ന് 2.45 ലക്ഷം ഓഹരികളുമാണ് സക്കർബർഗ് വിറ്റഴിച്ചത്. മൊത്തം 1.14 ദശലക്ഷം ഓഹരികൾ. ഒരു ഓഹരിക്ക് ശരാശരി 183.81 ഡോളർ നിരക്കിൽ വിൽപ്പന നടത്തിയ സക്കർബർഗ് ഇതിലൂടെ 210 ദശലക്ഷം ഡോളർ സമാഹരിച്ചു.  ഫേസ്ബുക്ക് ചീഫ് ടെക്‌നിക്കൽ ഓഫീസർ മൈക്കൽ ടോഡ് ഷ്‌റോഫർ തന്റെ 38,024 ഓഹരികൾ മാർച്ച് 13ന് 183.20 ഡോളർ നിരക്കിൽ വിറ്റഴിച്ച് 6.97 ദശലക്ഷം ഡോളറും നേടിയിട്ടുണ്ട്.
 

Latest News