Sorry, you need to enable JavaScript to visit this website.

പെരിയാറിന്റെ പ്രതിമ തകർത്ത സി.ആർ.പി.എഫ് ജവാൻ അറസ്റ്റിൽ

ചെന്നൈ- തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ പെരിയാറിന്റെ പ്രതിമ തകർത്ത കേസിൽ സി.ആർ.പി.എഫ് ജവാനെ അറസറ്റ് ചെയ്തതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയിൽ അറിയിച്ചു. ചത്തീസ്ഗഡിൽ ജോലി ചെയ്യുന്ന സി.ആർ.പി.എഫ് ജവാൻ സെന്തിൽ കുമാറാണ് പ്രതിയെന്നും വിടുതി സ്വദേശിയായ ഇദ്ദേഹം അവധിക്ക് നാട്ടിൽ വന്നതായിരുന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷമായ ഡി.എം.കെ ഈ വിഷയം സഭയിൽ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പ്രതിമ നിൽക്കുന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് സെന്തിൽ കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പുതുകോട്ടൈ ജില്ലാ പോലീസ് അറിയിച്ചു. ഇയാൾ പ്രതിമ തകർക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പോലീസ് പറഞ്ഞു. കൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് വിടുതിയിൽ പെരിയാറിന്റെ പ്രതിമയുടെ തല തകർത്ത നിലയിൽ കണ്ടെത്തിയത്. 
പ്രതിമ തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. പ്രതിമ തകർക്കാൻ പ്രേരിപ്പിച്ച് ബി.ജെ.പി നേതാവ് എച്ച് രാജയെ സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ തമിഴ്‌നാട്ടിൽ ഇത്തരം സംഭവങ്ങളുണ്ടാകുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ വർക്കിംഗ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ പറഞ്ഞു


 

Latest News