കൈയടി നേടി സോനു സൂദ് വീണ്ടും, ഇത്തവണ വിമാനത്തില്‍

മുംബൈ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കാറുള്ള  നടന്‍ സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍.
വിമാനത്തില്‍ തന്റെ ബിസിനസ് ക്ലാസ് സീറ്റ് പ്രായമേറിയ ഒരാള്‍ക്ക് നല്‍കി ഇക്കണോമി ക്ലാസിലേക്ക് മാറിയാണ് ഇത്തവണ അദ്ദേഹം കൈയടി നേടിയത്.
ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങുമ്പോഴാണ് നടന്‍ പ്രായം കൂടിയ ആളെ പരിഗണിച്ച് സ്വന്തം സൗകര്യം ഒഴിവാക്കിയത്.
ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് സോനു സൂദ് ട്വിറ്ററില്‍ പറഞ്ഞത് മറ്റൊരു കാര്യമാണ്. ചിലപ്പോള്‍ ബിസിനസ് ക്ലാസ് സീറ്റുകളേക്കാള്‍ ആശ്വാസപ്രദമാകുമെന്നാണ് അദ്ദേഹം കുറിച്ചത്.

വാഹനാപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ് ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലായിരുന്നു അപകടം. രണ്ടുകാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സോനു സൂദ്. ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി, അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് പരിക്കേറ്റത്. ബോധരഹിതനായ അയാളെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

Latest News