Sorry, you need to enable JavaScript to visit this website.

ആരോഗ്യവകുപ്പിനെ മോശമാക്കാൻ ചിലർ ശ്രമിക്കുന്നു-വീണ ജോർജ്

കണ്ണൂർ - ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം മോശമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നുവെന്ന് 
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാജപ്രചരണം നടത്തി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. വർഷങ്ങൾ കഴിഞ്ഞും തീർപ്പാകാത്ത കേസുകൾ തീർപ്പാക്കണമെന്നത് സർക്കാർ തീരുമാനമാണ്. ഈ കേസുകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കും. സർക്കാർ തീരുമാനം നടപ്പിലാക്കാനാണ് ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 
ആരോഗ്യ വകുപ്പിനെപ്പറ്റി വ്യാജപ്രചരണമാണ് നടക്കുന്നത്. ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ചുരുക്കം ചിലർ നടത്തുന്നത്. തീരുമാനിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കും. ചീഫ് സെക്രട്ടറി ചർച്ച ചെയ്തത് അനേകം വർഷങ്ങളായി നടപടികൾ തീർപ്പാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. 20 മുതൽ 30 വർഷങ്ങൾ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർജെടുത്തതിന് വളരെ വർഷങ്ങൾ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ നടപടികൾ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കെതിരെയുണ്ടായി. ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ വരാൻ പാടില്ല. കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലതുപോലെ കൈകാര്യം ചെയ്ത് കേസുകൾ വേഗത്തിൽ തീർപ്പാക്കാനും പരാതികൾ തീർപ്പാക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സർക്കാർ തീരുമാനമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ കൊടുത്ത നിർദേശത്തിന്റ കൂടി അടിസ്ഥാനത്തിൽ ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളാണ് ചീഫ് സെക്രട്ടറി നൽകിയത്.
തികച്ചും ആഭ്യന്തര കാര്യമായിരുന്നു ചർച്ച ചെയ്തിരുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രവർത്തന അവലോകനമല്ല നടത്തിയത്. പ്രിൻസിപ്പൽ സെക്രട്ടറി വർഷങ്ങളായി പറഞ്ഞ കാര്യങ്ങൾ അന്നുമുതലേ നടപ്പാക്കാത്തതിനാലാകാം കർശന ഭാഷ ഉപയോഗിച്ചത്. ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്ന ശക്തമായ നിർദേശമാണ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്. അതിന് പകരം ആരോഗ്യ വകുപ്പ് മൊത്തത്തിൽ മോശമാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതൊരു അജൻഡയുടെ ഭാഗമാണ്. അങ്ങനെ പ്രചരണം നടത്തിയാലും തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. ആരോഗ്യ വകുപ്പിലെ 98 ശതമാനം ജീവനക്കാരും ആത്മാർത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. പക്ഷെ ഇത് നടപ്പിലാക്കാൻ ആഗ്രഹമില്ലാത്ത വളരെ ചുരുക്കം പേരാകാം ഇങ്ങനെയുള്ള പ്രചരണത്തിന് പിന്നിൽ. അതനുവദിക്കില്ല. സർക്കാർ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Latest News