Sorry, you need to enable JavaScript to visit this website.

സൗദി തൊഴിൽ രംഗത്തെ വനിതാ മുന്നേറ്റം

ഹൈലൈറ്റ്‌സ്സൗദി തൊഴിലിടങ്ങളിലെ വനിതകളുടെ മുന്നേറ്റം കണക്കുകൂട്ടലുകൾക്കുമപ്പുറമാണ്. വിഷൻ 2030 ലക്ഷ്യമിട്ടിരുന്നത് തൊഴിലിടങ്ങളിൽ വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തുക എന്നതായിരുന്നു. എന്നാൽ പത്തു വർഷം ബാക്കി നിൽക്കേ 2020 ൽ രണ്ടു വർഷം കൊണ്ടു തന്നെ ഈ ലക്ഷ്യം കൈവരിക്കാനായി എന്നത് തൊഴിൽ രംഗത്തു കടന്നു വരുന്ന സ്ത്രീകളുടെ വൻ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. 2018 അവസാനത്തിൽ തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം 20 ശതമാനമായിരുന്നുവെങ്കിൽ 2020 ഓടെ അത് 33 ശതമാനമായി ഉയർന്നു.


സൗദി തൊഴിൽ മേഖല കൂടുതൽ മത്സരാധിഷ്ഠിതമാവുകയാണ്. സ്വദേശി വനിതകളുടെ കടന്നു വരവിനൊപ്പം വിദേശി വനിതകളെയും ഏതു മേഖലയിലും തൊഴിലിനു പരിഗണിക്കാമെന്നു വന്നതോടെയാണിത്. ഇതുവരെ വിദേശ വനിതകൾ കൂടുതലും ജോലി ചെയ്തിരുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും ഗാർഹിക തൊഴിലിടങ്ങളിലുമായിരുന്നു. ഇനി മുതൽ കഴിവും പ്രാപ്തിയും പരിചയ സമ്പന്നരുമായ സ്ത്രീകൾക്ക് ഏതു മേഖലയിലും പണിയെടുക്കാനുള്ള അവസരം തുറന്നു കിട്ടിയിരിക്കുകയാണ്. ഇതിൽ മുന്തിയ പരഗണന സ്വദേശി വനിതകൾക്കായിരിക്കുമെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങളിലേതു പോലെ വിദ്യാസമ്പന്നരായ വിദേശ വനിതകൾക്കും സൗദി തൊഴിൽ മേഖലയിലെ അവസരങ്ങൾക്കായി മത്സരിക്കാം. ഇതു വിദേശ പുരുഷ തൊഴിലാളികളുടെ നിലവിലെ തൊഴിലിന് കൂടുതൽ ഭീഷണിയാവുമെന്നു മാത്രമല്ല, പുതിയ തൊഴിൽ സാധ്യതകളിലെ മത്സരം കടുപ്പിക്കുകയും ചെയ്യും. ഇന്ന് സൗദിയിലെ സ്വദേശി വനിതകൾ മറ്റേതു രാജ്യങ്ങളിലെയും പോലെ ഏതു ജോലി ചെയ്യാനും തയാറാണെന്നു മാത്രമല്ല, തൊഴിൽ പ്രാപ്തിയുടെ കാര്യത്തിൽ പുരുഷൻമാർക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കൂടി കരുത്തരാണ്.   


സൗദി തൊഴിലിടങ്ങളിലെ വനിതകളുടെ മുന്നേറ്റം കണക്കുകൂട്ടലുകൾക്കുമപ്പുറമാണ്. വിഷൻ 2030 ലക്ഷ്യമിട്ടിരുന്നത് തൊഴിലിടങ്ങളിൽ വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തുക എന്നതായിരുന്നു. എന്നാൽ പത്തു വർഷം ബാക്കി നിൽക്കേ 2020 ൽ രണ്ടു വർഷം കൊണ്ടു തന്നെ ഈ ലക്ഷ്യം കൈവരിക്കാനായി എന്നത് തൊഴിൽ രംഗത്തു കടന്നു വരുന്ന സ്ത്രീകളുടെ വൻ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. 2018 അവസാനത്തിൽ തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം 20 ശതമാനമായിരുന്നുവെങ്കിൽ 2020 ഓടെ അത് 33 ശതമാനമായി ഉയർന്നു. അതായത് രണ്ടു വർഷം കൊണ്ടു തന്നെ വിഷൻ 2030 ന്റെ ലക്ഷ്യം കൈവരിച്ചുവെന്നർഥം. ഇക്കാലയളവിൽ വനിതാ തൊഴിലാളികളുടെ വർധന 65 ശതമാനമായിരുന്നു. വനിതകളുടെ തൊഴിൽ സാധ്യതകൾ ഇനിയും കൂടതൽ വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ബാച്ചിലർ ബിരുദവും അതിലും ഉയർന്ന ബിരുദവും നേടിയ ഒരു ലക്ഷം സ്വദേശി വനിതകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പത്തു സഹകരണ കരാറുകൾ ഒപ്പുവെച്ചിരിക്കുകയാണ്. നാലു വർഷത്തിനുള്ളിലായി ഈ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വദേശിവൽക്കരണവും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതവും മൂലം ലക്ഷക്കണക്കിനു വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. വരും വർഷങ്ങളിൽ ആധുനിക രീതിയിലുള്ള തൊഴിൽ സാധ്യതകൾ തുറന്നു കിട്ടാമെങ്കിലും നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെ തൊഴിൽ നഷ്ടഭീഷണി തുടരുകതെന്ന ചെയ്യുമെന്നതിന്റെ സൂചന കൂടിയാണിത്. ഇതോടൊപ്പം വിദേശ വനിതകളുടെ മത്സരം കൂടിയാവുമ്പോൾ തൊഴിലിടങ്ങളിലെ വിദേശ പുരുഷ തൊഴിലാളികളുടെ മേധാവിത്വം ഇല്ലാതെയാവും. 


വനിതകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സൗദി അറേബ്യ വരുത്തിയ പരിഷ്‌കാരങ്ങളാണ് തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം കുറഞ്ഞ കാലം കൊണ്ട് ഇത്രയേറെ വർധിക്കാൻ കാരണം. തൊഴിൽ, ഗാർഡൻഷിപ് നിയമങ്ങളിലെ മാറ്റവും കുടുംബ നിയമങ്ങളിലെ പരിഷ്‌കരണവും വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയതുമാണ് സ്ത്രീകളുടെ മുന്നേറ്റത്തിനു വഴിയൊരുക്കിയത്. ഇന്നിപ്പോൾ പല തൊഴിലിടങ്ങളിലും പുരുഷൻമാരേക്കാളും മികച്ച പ്രകടനമാണ് സ്ത്രീകൾ കാഴ്ചവെക്കുന്നത്. അതുപോലെ ഡ്രൈവിംഗ് രംഗത്തും അവരുടെ മുന്നേറ്റം പ്രതീക്ഷകൾക്കുമപ്പുറമാണ്. 


സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിദേശികൾ ഏറെ ആശ്രയിച്ചിരുന്ന മേഖലയാണ് സൗദി ആരോഗ്യ രംഗം. സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിൽ വിദേശികൾക്കായിരുന്നു ഒരു കാലത്ത് മുൻതൂക്കം. അതിൽ സർക്കാർ മേഖലയിൽ വിദേശികളുടെ സാന്നിധ്യം വളരെ കുറഞ്ഞു. ഇപ്പോൾ സ്വകാര്യ ആരോഗ്യ രംഗത്തും സ്വദേശികളുടെ മുന്നേറ്റമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 17.8 ശതമാനമാണ് സ്വദേശികളുടെ വർധന. കഴിഞ്ഞ വർഷം സ്വകാര്യ ആരോഗ്യ മേഖലയിൽ 39,000 സ്വദേശികൾക്കാണ് ജോലി ലഭിച്ചത്. ഈ രംഗത്ത് ജോലി ചെയ്യുന്ന മൊത്തം 4,70,350 തൊഴിലാളികളിൽ നിലവിൽ 47 ശതമാനം സ്വദേശികളാണ്. വനിതാ ജീവനക്കാരിൽ 52.6 ശതമാനവും സ്വദേശി വനിതകളാണ്. സ്വകാര്യ മേഖലയിൽ ആകെയുള്ള 1,94,000 ത്തോളം വനിതാ ജീവനക്കാരിൽ 1,02,660 പേർ സ്വദേശി വനിതകളാണ്. ഇത് ആരോഗ്യ മേഖലയുടെ മാത്രം കണക്കാണ്. ബാങ്കിംഗ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലുമെല്ലാം വനിതകളുടെ സാന്നിധ്യം വർധിച്ചു വരികയാണ്. 


ഹൗസ് ഡ്രൈവർ തസ്തിക വിദേശികളുടെ കുത്തകയായിരുന്നുവെന്നു വേണം പറയാൻ. എന്നാൽ വനിതകൾ വളയം പിടിക്കാൻ തുടങ്ങിയതോടെ അനുദിനം ഈ രംഗത്ത് തൊഴിൽ നഷ്ടം കൂടിവരികയാണ്. കഴിഞ്ഞ വർഷം അവസാന രണ്ടു മാസത്തിനിടെ മാത്രം ഹൗസ് ഡ്രൈവർമാരായ 10,184 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 32.6 ലക്ഷം വരുന്ന ഗാർഹിക തൊഴിലാളികളിൽ 53.5 ശതമാനമായിരുന്നു ഹൗസ് ഡ്രൈവർമാർ. അതായത് 17.4 ലക്ഷം. വിദേശികൾ കുത്തകയാക്കി വെച്ചിരുന്ന മേഖല. വനികൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചതോടെ ഹൗസ് ഡ്രൈവർമാരായി വിദേശ സ്ത്രീകളും കടന്നു വരാൻ തുടങ്ങിയിരിക്കുകയാണ്. 146 വിദേശ വനിതകൾ നിലവിൽ ഹൗസ് ഡ്രൈവർമാരായി സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. കുടുതൽ പേർ വരാൻ കാത്തിരിക്കുകയുമാണ്. സ്വദേശി വനിതകൾ സ്വയം വാഹനമോടിക്കാൻ തുടങ്ങിയതോടെ തന്നെ പലർക്കും തൊഴിൽ നഷ്ടമായിരുന്നു. ഇതിനു പുറമെ വിദേശികളായ വനിതകളും ഹൗസ് ഡ്രൈവർമാരായി കടന്നു വരുന്നതോടെ പുരുഷൻമാരായ വിദേശികളുടെ തൊഴിൽ നഷ്ടത്തിന് ആക്കം കൂട്ടും. ഗാർഹിക ഗണത്തിൽ വരുന്ന തൊഴിലുകളിൽ പെടുന്ന കെട്ടിട കാവൽക്കാരായി 12 വിദേശ വനിതകളും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. 25,042 വിദേശികളാണ് ഈ രംഗത്തുള്ളത്. മൊത്തമുള്ള 2480 ഹൗസ് മാനേജർമാരിൽ 1081 പേർ നിലവിൽ വനിതകളാണെന്നതും എല്ലാ രംഗത്തും വനിതാ തൊഴിലാളികളുടെ എണ്ണം വർധിക്കുന്നുവെന്നതാണ് കാണിക്കുന്നത്. 


ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 2021 വർഷത്തിന്റെ അവസാന പാദത്തിൽ സൗദി തൊഴിൽ രഹിതരുടെ എണ്ണം 12.6 ശതമാത്തിൽനിന്ന് 11.7 ആയി കുറഞ്ഞുവെന്നാണ്. നടപ്പു വർഷത്തന്റെ ആദ്യ പാദത്തിൽ തൊഴിൽ രഹിതരായ സ്വദേശി പുരുഷൻമാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7.1 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി നേരിയെ വർധനയുണ്ടാപ്പോൾ സ്ത്രീകളുടെ തൊഴിൽരഹിത കണക്കിൽ ഗണ്യമായ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 24.4 ശതമാനം വനിതാ തൊഴിൽ രഹിതരുണ്ടായിരുന്നത് ഈ വർഷം 21.2 ശതമാനമായി കുറഞ്ഞു. വനിതകളുടെ തൊഴിൽ രംഗത്തെ വൻ മുന്നേറ്റത്തെയാണ് ഇതു കാണിക്കുന്നത്. 

Latest News