Sorry, you need to enable JavaScript to visit this website.

ഫാറൂഖ് കോളേജിനു നേരെ കല്ലെറിയുന്നവരോട് : കലക്കി മീൻ പിടിക്കാൻ ശ്രമിക്കരുത്‌

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കലാലയങ്ങളിൽ ഒന്നാണ് ഫാറൂഖ് കോളേജ്.   അവിടെ വർഷങ്ങൾ ജോലി ചെയ്ത ഒരു അധ്യാപകൻ എന്ന നിലയ്ക്ക് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. 
ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ  പരാമർശങ്ങളാണ് ഇപ്പോൾ ചില ആളുകൾ വിവാദമാക്കാൻ ശ്രമിക്കുന്നത്.  മറ്റൊരു സ്ഥലത്ത്,  ഒരു പ്രത്യേക വിഭാഗത്തിൽപെട്ട ആളുകളോട് സംസാരിക്കുന്ന സമയത്ത് മതപരമായി, മാന്യമായി വസ്ത്രധാരണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ പ്രദർശന പരതയെ താരതമ്യം ചെയ്യാൻ അദ്ദേഹം പറഞ്ഞ ഒരു താരതമ്യം മാത്രം എടുത്തു ഉദ്ധരിച്ച് വിഷയം വഷളാക്കുകയാണ് ചിലർ.  ആ ഒരു പരാമർശം ഒഴിവാക്കാമായിരുന്നു  എന്ന് പറഞ്ഞുകൊണ്ട് തന്നെ അതിൽ തെറ്റിദ്ധാരണ വരാം എന്ന്  സമ്മതിച്ചു ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
ഒരധ്യാപകൻ പുറത്തുള്ള ഒരു പൊതു പരിപാടിയിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ കോളേജിലേക്ക് മാർച്ച് നടത്തുന്നത്  അത്ര നിഷ്‌കളങ്കമാണെന്ന് കരുതാൻ വയ്യ. കേരളത്തിലെ മറ്റു കോളേജുകളിൽനിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജിൽ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. 
മേൽ പറയപ്പെട്ട സംഭവം നടക്കുന്നത് കോളേജിലോ അല്ലെങ്കിൽ എല്ലാവരും കൂടി ഉൾപ്പെട്ട ഒരു പൊതുവേദിയിലോ അല്ല.  നേരെ മറിച്ച് ഒരു മത സംഘടനയുടെ ക്ലാസിൽ പുതു തലമുറയുടെ ധാർമിക ജീർണതക്കെതിരെ, ഒരു ബോധവൽക്കരണം നടത്തുകയാണ് ചെയ്യുന്നത്. അതിനെ മറ്റു പേരിട്ട് വിളിക്കുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ അക്രമമാണ്.  ഇതേ വിഷയങ്ങൾ,  കേരളത്തിലെ പാതിരിമാർ,  സിനിമാ നടന്മാർ, സാംസ്‌കാരിക നായകന്മാർ എല്ലാം ഇതിനേക്കാൾ തീവ്രമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. അതിനെയൊന്നും ആരും വളഞ്ഞിട്ടു ആക്രമിക്കുന്നത് പോയിട്ട് പേരിനു പോലും എതിർക്കുന്നത് കണ്ടില്ല. 
ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. വിമർശകർ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതിൽ അജണ്ടകളുണ്ട്. താലിബാൻ, മദ്രസ തുടങ്ങിയ പ്രയോഗങ്ങൾ വാരിവിതറുന്നതിൽനിന്നു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഇപ്പോൾ പറയപ്പെട്ട അധ്യാപകൻ പഠിപ്പിക്കുന്നത് ബി എഡ് കോളേജിലാ  ണെങ്കിലും അവർ ലക്ഷ്യം വെക്കുന്നത് ഫാറൂഖ് കോളേജ് കാമ്പസിനെ മൊത്തത്തിലാണ്. 
കാമ്പസിന്റെ സൽപ്പേര് നശിപ്പിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.  അല്ലെങ്കിൽ രാഷ്ട്രീയമായി തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യമില്ലാത്ത ബി എഡ് കോളേജിന്റെ പേര് പറഞ്ഞ് ഫാറൂഖ് കോളേജ് എന്ന മൊത്തം കാമ്പസിനെ അപമാനിക്കേണ്ട കാര്യമില്ല.  ആക്ഷേപിക്കുന്നവർ അറിയേണ്ട ഒരു ഫാറൂഖ് കോളേജുണ്ട്. ഒരു കൂട്ടം നല്ല അധ്യാപകരുള്ള, ബി.സോണിലും ഇന്റർസോണിലും മറ്റു കലാലയങ്ങളെ പിന്തള്ളി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന, അക്കാദമിക, അക്കാദമികേതര രംഗത്ത്  ആർട്‌സിലും, ഫുട്‌ബോൾ അടക്കം സ്‌പോർട്‌സുകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച/ കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാറൂഖ് കോളേജ്. പുറം തിരിഞ്ഞ് നിന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തോട് ചേർത്ത് നിർത്തിയ ഫാറൂഖ് കോളേജ്. വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പേര് കേട്ട കലാലയങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും ഉയർത്തിപ്പിടിച്ച ഫാറൂഖ് കോളേജ്. 
തങ്ങളുടെ കോളേജിനെ ഇക്കോലത്തിൽ അവമതിപ്പുണ്ടാക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള ഫാറൂഖ് കോളേജ്. 
കേരളത്തിലെ പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ അത്താണിയായ, മഹാന്മാരായ മനുഷ്യ സ്‌നേഹികൾ ജീവൻ കൊടുത്തു വളർത്തി കൊണ്ടുവന്ന ഒരു സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. 
പ്രതികരണ തൊഴിലാളികൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ തൊട്ടടുത്തുള്ളതോ മുമ്പ് പഠിച്ചതോ ആയ ഒരു കാമ്പസ് സന്ദർശിക്കുക എന്നതാണ്. എന്നിട്ട് ഫാറൂഖ് കോളേജിലേക്ക് ഒന്ന് വരിക.  അപ്പോഴറിയാം വ്യത്യാസം.
ഒരു വ്യക്തിക്ക് ആധുനികവും ശാസ്ത്രീയവും സാംസ് കാരികവുമായ എല്ലാ രീതിയിലുമുള്ള വികാസം നൽകാൻ പരിശ്രമിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക് സെറ്റ് ആപ്പ് ഉള്ള ഒരു കാമ്പസ് ആണ് ഫാറൂഖ് കോളേജ്.  കഴിഞ്ഞ വര്ഷം നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഇരുപത്തെട്ടാം റാങ്ക് നേടിയ അധ്യാപികയും ഈ കോളേജിൽ നിന്നായിരുന്നു.  അന്ധ വിദ്യാർത്ഥികളടക്കം, പാർശ്വവൽക്കരിക്കപ്പെട്ട, എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും അത്താണിയായ,  മർദിത പീഡിത വർഗങ്ങളുടെ പ്രതീക്ഷയാണ് ഫാറൂഖ് കോളേജ്. അത് കൊണ്ട് തന്നെ ഈ സ്ഥാപനത്തെ   മലിനമാക്കാൻ ഉള്ള  പാഴ് ശ്രമങ്ങൾ കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും .      ഇനി ഫാറൂഖ് കോളേജ് അല്ല ഞങ്ങളുടെ ലക്ഷ്യം എന്ന് നിങ്ങൾ പറയുന്നു എങ്കിൽ, നിങ്ങൾ മാർച്ച് നടത്തേണ്ടത് , ആ അധ്യാപകന്റെ വീട്ടിലേക്കാണ്. അല്ലെങ്കിൽ നിയമ നടപടിക്കാണ്.  അല്ലാതെ ഒരു മഹത്തായ ഒരു സ്ഥാപനത്തിന്റെ നെഞ്ചത്തേക്കല്ല .  
കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരോട് മാന്യമായി പറയുന്നു. 
' ഇത് ഫാറൂഖ് കോളേജ് ആണ് , ജാതി മത ഭേദമന്യേ ആയിരങ്ങൾ നെഞ്ചേറ്റുന്ന സ്ഥാപനം, ഈ കഴിഞ്ഞ ആഴ്ചയിൽ അവാർഡ് ലഭിച്ച പിന്നണി ഗായിക സിതാരയെ പ്പോലെ, ഇന്ത്യൻ ബാഡ്മിന്റൺ കാപ്റ്റൻ ദിജുവിനെപ്പോലെ, വോളിബോൾ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജിനെപ്പോലെ , ഒരുപാട് പേരെ വളർത്തി കൊണ്ട് വന്ന ഒരു കാമ്പസ്. ഇവിടെ നിങ്ങളുടെ കുതന്ത്രങ്ങൾ ചിലവാകില്ല.


(ലേഖകൻ ഫാറൂഖ് കോളേജിലെ മുൻ അധ്യാപകനും ദമാം ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമാണ്. ഇപ്പോൾ ദമാം കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകൻ).
 

 

Latest News