നാട്ടുകാരേ ഓടിവരണേ... ചുമര്‍ തുരന്ന് ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ദ്വാരത്തില്‍ കുടുങ്ങി നിലവിളിച്ചു; കയ്യോടെ പിടികൂടി

അമരാവതി- ആരുമറിയാതെ ക്ഷേത്രത്തിലെ ചുമര്‍ തുരന്ന് അകത്തുകയറിയ മോഷ്ടാവ് പുറത്തിറങ്ങുന്നതിനിടെ താന്‍ തുരന്ന ദ്വാരത്തില്‍ തന്നെ കുടുങ്ങി ഒടുവില്‍ കയ്യോടെ പിടിയിലായി. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജാമി എല്ലമ്മ ക്ഷേത്രത്തില്‍ മോഷണത്തിനു കയറിയ ആര്‍ പപ്പ റാവുവാണ് പിടിയിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ദ്വാരത്തിലൂടെ പുറത്തു കടക്കാന്‍ ശ്രമിച്ച് കുടുങ്ങിപ്പോകുകയായിരുന്നു. ശരീരത്തിന്റെ പകുതി മാത്രമെ പുറത്തു വന്നുള്ളൂ. കുടുങ്ങിയതോടെ മോഷ്ടാവ് തന്നെ സഹായിക്കണെ എന്ന് നിലവിളിക്കുകയായിരുന്നു. ഈ നിലവിളി കേട്ട് ആളുകളെത്തിയപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും 30കാരനായ പപ്പ റാവുവിനെ പുറത്തെത്തിക്കാനായില്ല. പിന്നീട് പോലീസെത്തിയാണ് മോഷ്ടാവിനെ ദ്വാരത്തില്‍ നിന്നിറക്കി അറസ്റ്റ് ചെയ്തത്. ഒമ്പത് ഗ്രാം തൂക്കം വരുന്ന വെള്ളിയാഭരണമാണ് പപ്പ റാവു മോഷ്ടിച്ചത്. 15 മിനിറ്റോളം സമയം മോഷ്ടാവ് ഇങ്ങനെ കുടുങ്ങിക്കിടന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ സംഭവത്തിന്റെ വിഡിയോയും ആളുകള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

Latest News