Sorry, you need to enable JavaScript to visit this website.

ബീഫിന്റെ പേരില്‍ കൊല; ജാര്‍ഖണ്ഡില്‍ ബിജെപി നേതാവടക്കം 11 പേര്‍ക്ക് ജീവപര്യന്തം 

രാംഗഡ്- ജാര്‍ഖണ്ഡില്‍ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യത്ത് ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.  11 പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.  

40 കാരനായ അന്‍സാരി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 17ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം. 200 കിലോ ബീഫുമായി വാനില്‍ പോകുമ്പോഴായിരുന്നു ആക്രമണം. വാന്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് അലിമുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിചാരണ കോടതിയില്‍ വിസ്താരം നടക്കുന്നതിനിടെ സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സാക്ഷി പറയാനെത്തിയ അലിമുദ്ദീന്റെ സഹോദരന്‍ ജലീലിന്റെ ഭാര്യ ജുലേഖയാണ് ബൈക്കിടിച്ച് മരിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിനായി മകന്‍ ഷഹ്‌സാദിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു ബൈക്കിടിച്ച് ജുലേഖ മരിച്ചത്. 
 

Latest News