ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഹിന്ദുക്കളാരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങളും പദവിയും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം 2015 കുടിയേറ്റ തൊഴിലാളികള്‍ താഴ് വരയില്‍ തിരിച്ചെത്തിയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. അതേസമയം, കശ്മീരില്‍ പുനരധിവസിപ്പിച്ച പണ്ഡിറ്റുകളുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല.
പ്രധാനമന്ത്രിയുടെ വികസന പദ്ധതിക്കു കീഴിലുള്ള ജോലികള്‍ ഏറ്റെടുക്കാനാണ് ഇവര്‍ തിരിച്ചെത്തിയതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴില്‍ 2020-2021 ല്‍ ആകെ 841 നിയമനങ്ങളും 2021-2022 ല്‍ 1,264 നിയമനങ്ങളും നടന്നതായി അദ്ദേഹം ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.
2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ താഴ്‌വരയില്‍ പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകളുടെ എണ്ണം ചോദിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
2019 ഓഗസ്റ്റ് അഞ്ചിനുശേഷം ജമ്മു കശ്മീരില്‍ നാല് കശ്മീരി പണ്ഡിറ്റുകളും 10 മറ്റു ഹിന്ദുക്കളും കൊല്ലപ്പെട്ടതായി മന്ത്രി പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 24 വരെ താഴ് വരയില്‍ ഭീകരാക്രണത്തില്‍ പണ്ഡിറ്റുകള്‍ ഉള്‍പ്പടെ ഹിന്ദുക്കളാരും കൊല്ലപ്പെട്ടിട്ടില്ല.
താഴ്‌വരയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.






