അച്ഛനെ നെഞ്ചില്‍ ചവിട്ടി കൊലപ്പെടുത്തിയ മകന്‍ റിമാന്‍ഡില്‍

ആദൂര്‍- മദ്യലഹരിയില്‍ പിതാവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മകനെ റിമാന്‍ഡ് ചെയ്തു. വെള്ളരിക്കയയിലെ ബാലകൃഷ്ണ നായ്ക്ക് കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ നരേന്ദ്ര പ്രസാദിനെയാണ് ആദൂര്‍ പോലീസ് അറസറ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
നായിക്ക് മരിച്ചത് ചവിട്ടേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി  പോലീസ് പറഞ്ഞു. നെഞ്ചത്തേറ്റ ശക്തമായ ചവിട്ടില്‍ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും രക്തം കട്ടപിടിച്ച് മരിക്കുകയുമായിരുന്നു.

മദ്യലഹരിയില്‍ തിങ്കളാഴ്ച രാത്രി അച്ഛനും മകനും തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഇരുവരും വീണ്ടും വഴക്കിടുകയും നരേന്ദ്രപ്രസാദ് അച്ഛന്റെ നെഞ്ചില്‍ ചവിട്ടുകയുമാണുണ്ടായത്.

ഈ സമയം ബാലകൃഷ്ണ നായ്ക്കിന്റെ ഭാര്യ സരോജിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Latest News