ന്യൂദല്‍ഹി- വേര്‍പ്പിരിഞ്ഞിട്ടും തര്‍ക്കങ്ങള്‍ തീരാതെ പരസ്പരം 60 കേസുകള്‍ ഫയല്‍ ചെയ്ത ദമ്പതികളോട് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 41 വര്‍ഷമായി ഇവര്‍ പരസ്പരം തര്‍ക്കത്തിലാണ്. ഒരുമിച്ച ജീവിച്ച 30 വര്‍ഷത്തിനിടയിലും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമുള്ള 11 വര്‍ഷത്തിനിടയിലുമായാണ് ഇവര്‍ പരസ്പരം ഇത്രയധികം കേസുകളുമായി കോടതിയെ സമീപിച്ചത്. ഈ കണക്കുകള്‍ കണ്ട് കോടതി ഞെട്ടി. ചിലര്‍ തമ്മിലടി ഇഷ്ടപ്പെടുന്നു. അവര്‍ എക്കാലത്തും കോടതിയില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്- ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണൂവെന്ന് ദമ്പതികളുടെ അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഇക്കാലയളവില്‍ ഇരുകക്ഷികളും ഈ കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കി.






