Sorry, you need to enable JavaScript to visit this website.

'ഹലാല്‍' റൊട്ടിയെ ചൊല്ലി എംപി രാജിവച്ചു; ഇസ്രായില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായി

ടെല്‍അവീവ്- ജൂതരുടെ പെസഹ ആഘോഷ വേളയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മതവിരുദ്ധമായ ഭക്ഷണം അനുവദിക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍ വിപ്പ് രാജി വച്ചതോടെ ഇസ്രായിലില്‍ ഭരണകക്ഷിയുടെ  ഭൂരിപക്ഷം നഷ്ടമായി. ഇതോടെ നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തി വന്ന പ്രധാനമന്ത്രി നഫ്തലി ബെന്നറ്റ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഭരണസഖ്യം അധ്യക്ഷ കൂടിയാണ് രാജിവച്ച ഇദിത്. ഇവർ സഖ്യം വിട്ടതോടെ ഇസ്രായിലി പാര്‍ലമെന്റായ 120 അംഗ നെസറ്റില്‍ ഭരണസഖ്യത്തിന്റെ അംഗബലം 60 ആയി കുറഞ്ഞു. നഫ്തലിയുടെ മതദേശീയവാദി വലതു പക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. ഇതിനിടെയാണ് കടുത്ത തിരിച്ചടി നല്‍കി സര്‍ക്കാര്‍ വിപ്പ് ആയ ഇദിത് സില്‍മാന്‍ രാജിവച്ചത്. ഇവര്‍ പ്രതിപക്ഷ നേതാവായ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും റിപോര്‍ട്ടുണ്ട്.

ജൂത മതാചാര പ്രകാരം പെസഹ ആഘോഷ കാലയളവില്‍ പുളിപ്പിച്ച റൊട്ടിയും ഭക്ഷണങ്ങളും കോഷര്‍ അഥവാ അനുവദനീയമല്ല. എന്നാല്‍ പെസഹ കാലത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ പുളിപ്പിച്ച റൊട്ടിയും ഭക്ഷണങ്ങളും അനുവദിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിച്ചതിനെതരെ ഇദിത് സില്‍മാന്‍ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ നീക്കം ഇസ്രായിലിന്റെ ജൂത സ്വത്വത്തെ തകര്‍ക്കുന്നതാണെന്നും ഇതിനെ അനൂകലിക്കില്ലെന്നും വ്യക്തമാക്കിയാണ് ഇദിത് രാജിവച്ചത്. രാജ്യത്തിന്റേയും ജനങ്ങളുടേയും ജൂത സ്വഭാവത്തെ തകര്‍ക്കുന്ന സര്‍ക്കാരിനെ പിന്തുണക്കാനാകില്ലെന്നും ഇസ്രായിലില്‍ ഒരു വലതു പക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ഇദിത് വ്യക്തമാക്കി.

പാര്‍ലമെന്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും പ്രതിപക്ഷത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ഇല്ലാത്തതിനാലും ഇസ്രായില്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കാം. പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇദിതിനെ ആരോഗ്യ മന്ത്രിയാക്കുമെന്ന വാഗ്ദാനവും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നല്‍കിയതായും റിപോര്‍ട്ടുണ്ട്.

Latest News