കല്യാണ റാഗിങ്: വരനെ തട്ടിക്കൊണ്ടു പോയ സുഹൃത്തുക്കളെ പോലീസ് പിടികൂടി

കണ്ണൂര്‍- സുഹൃത്തിന്റെ കല്യാണത്തിന് പണികൊടുത്ത  സുഹൃത്തുക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ കടവത്തൂരിലാണ് വിവാഹ ദിവസം വരനെ തട്ടിക്കൊണ്ടുപോയ അഞ്ചു സുഹൃത്തുക്കള്‍ നാടകീയതകള്‍ക്കൊടുവില്‍ അറസ്റ്റിലായത്. കല്യാണ റാഗിങിന്റേ പരില്‍ ആദ്യമായാണ് ഇത്തരമൊരു അറസ്റ്റ് നടക്കുന്നതെന്ന് പോലീസ് പറയുന്നു. വിവാഹ സല്‍ക്കാരത്തിന് അതിഥികളെല്ലാം എത്തിയിട്ടും വരനെ കാണാതായതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്. ആശങ്കയുടെ മുള്‍മുനയില്‍ വീട്ടുകാരും നാട്ടുകാരും വധുവിന്റെ വീട്ടുകാരും നില്‍ക്കുന്നതിനിടെ വരന്റെ പിതാവിന്റെ ഫോണിലേക്കൊരു കോള്‍ വന്നു. വരന്‍ തങ്ങളുടെ കസറ്റഡിയിലുണ്ടെന്നും ഒരു ലക്ഷം രൂപ മോചനദ്രവ്യം തന്നാല്‍ മോചിപ്പിക്കാമെന്നും പറഞ്ഞായിരുന്നു വിളി. ഇതോടെ വിവാഹം മുടങ്ങുന്ന ഘട്ടമെത്തിയപ്പോള്‍ വരന്റെ പിതാവ് പരാതിയുമായി കൊളവല്ലൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. 

പിതാവിന്റെ ഫോണിലേക്കു വന്ന കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തിയതോടെയാണ് നാടകീയതകള്‍ക്ക് അന്ത്യമായത്. വരന് വിവാഹ ദിവസം ഒരു പണി കൊടുക്കാന്‍ ലക്ഷ്യമിട്ട് തൊട്ടില്‍പ്പാലത്തേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പിടിയിലായ സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. വരന്റെ ഫോണും ഇവര്‍ പിടിച്ചുവെച്ചു. കോളുകള്‍ എടുക്കാന്‍ അനുവദിച്ചില്ല. വീട്ടുകാരെ ഞെട്ടിക്കാനാണ് ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. തമാശയ്ക്ക് ചെയ്തതാണെന്നും അറസ്റ്റ് ചെയ്യരുതെന്നും ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെവിക്കോണ്ടില്ല. പരാതി ലഭിച്ചതിനാല്‍ കേസില്‍ അറസ്റ്റ് അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു.
ഏതായാലും വൈകുന്നേരം വധു കൂടി എത്തുന്ന വിവാഹ വിരുന്നിനു മുമ്പായി വരനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു. വരന്റെ സുഹൃത്തുക്കളായ അഞ്ചു പ്രതികളേയും പിന്നീട് ജാമ്യത്തില്‍ വിട്ടു.


 

Latest News