തൃശൂർ - തൃശൂർ കോർപ്പറേഷൻ മേയർക്കും ഡ്രൈവർ ലോറൻസിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കോൺഗ്രസ് കൗൺസിലർമാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. അതേസമയം കോർപറേഷൻ ഓഫീസിൽ കോൺഗ്രസ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ആരംഭിച്ചതാണ് കുത്തിയിരിപ്പ് സമരം. ഡ്രൈവറെ പിരിച്ച് വിടാതെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു.
മനപ്പൂർവമല്ലാത്ത നരഹത്യക്കും ആയുധമുപയോഗിച്ച് ആക്രമിച്ചെന്ന് വകുപ്പും ചേർത്താണ് മേയർക്കും ഡ്രൈവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൗൺസിലർമാരിൽ ഡിസ്ചാർജ്ജായ പ്രതിപക്ഷ നേതാവ് രാജൻ പല്ലനും, നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയലും മേയറുടെ ചേംബറിൽ എത്തി കുത്തിയിരിപ്പ് സമരത്തിൽ പങ്കുചേർന്നു.
കുടിവെള്ള വിഷയത്തിൽ രണ്ടു ദിവസമായി തുടരുന്ന സമരത്തെ അവഗണിക്കുന്ന മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, ഉപനേതാവ് ഇ വി സുനിൽരാജ് എന്നിവർ പറഞ്ഞു. സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത്, ഇത് ഭയന്ന് പിന്മാറുന്നില്ല പ്രശ്നമില്ല. കുടിവെള്ള വിഷയത്തിൽ ശാശ്വത പരിഹാരവും കൗൺസിലർമാരുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയ മേയറുടേയും ഡ്രൈവറുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുകയും വേണം. ഗുണ്ടായിസം കാണിച്ച ഡ്രൈവറെ പിരിച്ചു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.






