ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു, പ്രസിഡന്റ് രാജിവെക്കില്ലെന്ന് മന്ത്രി

കൊളംബോ- ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ ചൊവ്വാഴ്ച രാത്രിയോടെ തന്റെ ദ്വീപ് രാഷ്ട്രത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തെ ഏത് അസ്വസ്ഥതകളും തടയാന്‍ സുരക്ഷാ സേനക്ക് വിപുലമായ അധികാരം നല്‍കുന്ന അടിയന്തര ഭരണ ഓര്‍ഡിനന്‍സ് പിന്‍വലിച്ചതായി പ്രസിഡന്റ് പറഞ്ഞു.

രാജപക്സെ കുടുംബത്തിനെതിരെ ജനരോഷമുണ്ടായിട്ടും പ്രസിഡന്റ് ഗോതബയ രാജിവെക്കില്ലെന്ന് ചീഫ് ഗവണ്‍മെന്റ് വിപ്പും ഹൈവേ മന്ത്രിയുമായ ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ ബുധനാഴ്ച തറപ്പിച്ചു പറഞ്ഞു. '6.9 ദശലക്ഷം ആളുകള്‍ പ്രസിഡന്റിന് വോട്ട് ചെയ്തുവെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍, ഒരു സാഹചര്യത്തിലും പ്രസിഡന്റ് രാജിവക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറയുന്നു. ഞങ്ങള്‍ ഇത് നേരിടും -അദ്ദേഹം പറഞ്ഞു. രാജ്യത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷമായ ജനതാ വിമുക്തി പെരമുനവാസ് (ജെവിപി) പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ട ഫെര്‍ണാണ്ടോ, ഈ 'ബലപ്രയോഗ രാഷ്ട്രീയം' അനുവദിക്കരുതെന്നും അക്രമം അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് രാജപക്സെ ഏപ്രില്‍ 1 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു, ആയിരക്കണക്കിന് ആളുകള്‍ പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് പുറത്ത് തടിച്ചുകൂടി, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച, ഭരണസഖ്യത്തിന് 225 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു.

 

Latest News