Sorry, you need to enable JavaScript to visit this website.

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക്

കൊച്ചി- ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനമായതായി സൂചന. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിൽ എതിർപ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും നിലപാട് വ്യക്തമാക്കി. ശശി തരൂർ എം.പിയുടെയും സചിൻ ടെണ്ടുൽക്കറുടെയും നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമായത്. കലൂർ രാജ്യാന്തര സ്റ്റേഡിയം വേദിയാക്കുന്നതിനെച്ചൊല്ലി വിവാദം ശക്തമായിരുന്നു. ഇതേതുടർന്നാണ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. കോടികൾ മുടക്കി നിർമിച്ച ഫുട്‌ബോൾ പ്രതലത്തിന് കേടുപാടുകൾ വരുത്തുന്ന നിർമാണങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി ജി.സി.ഡി.എ രംഗത്തുവരികയായിരുന്നു. കൊച്ചിയിൽ ക്രിക്കറ്റും ഫുട്‌ബോളും നടക്കണമെന്നാണ് ജി.സി.ഡി.എയുടെ നിലപാടെന്നും എന്നാൽ ഫുട്‌ബോളിനായി നിർമിച്ച പ്രതലം നഷ്ടപെടുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും ജിസിഡിഎ ചെയർമാൻ സിഎൻ മോഹനൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ(ഐഎസ്എൽ) അധികൃതരുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ന് ചർച്ച നടത്തും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൽസരങ്ങൾ നീട്ടിവയ്ക്കണമെന്ന കെസിഎയുടെ ആവശ്യം ഐഎസ്എൽ അധികൃതർ അംഗീകരിച്ചാൽ ഒരുപക്ഷെ ക്രിക്കറ്റ് കൊച്ചിയിൽ നടക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റ് നടത്തുന്നതിനെ അനുകൂലിച്ച കേരള ഫുട്‌ബോൾ അസോസിയേഷൻ നിലപാട് ശ്രദ്ധേയമായി. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം നടത്തുന്നതിനെ എതിർക്കുന്നില്ലെന്നും നിലവിലെ ഫുട്‌ബോൾ പ്രതലത്തിന് കേടുപാട് വരുത്താത്ത രീതിയിൽ ക്രിക്കറ്റ് നടത്താൻ സാധിക്കുമോയെന്ന് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിക്കണമെന്നും കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെഎംഐ മേത്തർ പറഞ്ഞു. കലൂരിൽ ഫുട്‌ബോൾ മാത്രം നടത്തണമെന്ന വാശി കെഎഫ്എയ്ക്കില്ല. ഫിഫയുടെ മാനദണ്ഡം പാലിക്കപ്പെടുന്ന ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് കൊച്ചിയിലേത്. ആ നിലവാരം നിലനിർത്തി ക്രിക്കറ്റ് നടത്തുവാൻ ശ്രമിക്കണമെന്നും കെഎംഐ മേത്തർ പറഞ്ഞു.  കൊച്ചി സ്റ്റേഡിയത്തെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. കലൂർ സ്റ്റേഡിയം ഫുട്‌ബോളിന് മാത്രമാണെന്ന ചിലരുടെ വാദം അംഗീകരിക്കാനാകില്ല. ക്രിക്കറ്റും ഫുട്‌ബോളും ഒരേ പ്രാധാന്യത്തോടെ ഇതിന് മുമ്പും കൊച്ചിയിൽ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങൾ ഇപ്പോൾ എങ്ങനെയുണ്ടാകുന്നുവെന്നും ജയേഷ് ജോർജ് ചോദിക്കുന്നു. ഇന്ന് ഐഎസ്എൽ ഭാരവാഹികളുമായി ജിസിഡിഎയുടെ മധ്യസ്ഥതയിൽ കൊച്ചിയിൽ ചർച്ച നടത്തുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായാൽ നവംബർ ഒന്നിന് കൊച്ചിയിൽ തന്നെ ഇന്ത്യ വെസ്റ്റൻഡീസ് മൽസരം നടക്കുമെന്നും കാര്യവട്ടം ഗ്രീൻഫീൽഡിലേക്ക് കളി മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നും ജയേഷ് ജോർജ് കൂട്ടിചേർത്തു. ഇതിനിടെയാണ് മത്സരം മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്. 

Latest News