ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷമായി വീടുമായി ബന്ധമില്ല, വിഷാദ രോഗിയെന്ന് പിതാവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതി മുര്‍തസയെ കൂടുതല്‍ അന്വേഷണത്തിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ആസ്ഥാനത്തെത്തിച്ചു. പ്രതിയുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധനക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക്  അയച്ചിരിക്കയാണ്.

കൂടുതല്‍ അന്വേഷണത്തിനായി എ.ടി.എസ് സംഘം കഴിഞ്ഞ ദിവസം നവി മുംബൈയിലെത്തിയിരുന്നു. മുര്‍തസ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിട്ടില്ല. മകന് മാനസികസ്ഥിരതയില്ലെന്നും കുട്ടിക്കാലം മുതല്‍ വിഷാദരോഗമുണ്ടെന്നും പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നേരത്തെ ചികിത്സ നടത്തിയിരുന്നുവെന്നും പിതാവ് മുനീര്‍ അഹമ്മദ് അബ്ബാസി പറഞ്ഞു.
ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ ശ്രമിച്ച പ്രതി  ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. അഹമ്മദ് മുര്‍തസ അബ്ബാസിയാണ് പ്രതിയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ രണ്ട് പോലീസുകാരെ ആക്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്  എഡിജിപി  പ്രശാന്ത് കുമാര്‍ പറഞ്ഞു. പ്രതിയില്‍നിന്ന് അരിവാളാണ്  കണ്ടെടുത്തതെന്നും ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തീവ്രവാദ ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ്  കേസ് എ.ടി.എസിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.  അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

 

Latest News