Sorry, you need to enable JavaScript to visit this website.

വ്യാജ കിസ്‌വ വൻതുകക്ക് വിൽക്കാൻ ശ്രമം

പ്രതീകാത്മകചിത്രം

മക്ക - വ്യാജ കിസ്‌വ 80 ലക്ഷം റിയാലിന് വിൽക്കുന്നതിന് ഏജന്റിന്റെ ശ്രമം. ഹിജ്‌റ 1412 ൽ നിർമിച്ച്, വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന്റെ പക്കലുള്ള കിസ്‌വയുടെ ഭാഗമാണെന്ന വ്യാജേനയാണ് ഏജന്റ് വ്യാജ കിസ്‌വ വിൽപന നടത്താൻ ശ്രമിക്കുന്നത്. കിസ്‌വ വിൽക്കുന്നതിന് മക്ക ഗവർണറേറ്റിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏജന്റ് വാദിക്കുന്നു. എന്നാൽ തന്റെ കുടുംബത്തിന്റെ പേരിൽ ഇങ്ങനെ ഒരു കിസ്‌വ വിൽപനക്ക് വെച്ചിട്ടില്ലെന്ന് അൽശൈബി കുടുംബത്തിലെ കാരണവർ അബ്ദുൽമലിക് അൽശൈബി പറഞ്ഞു. യഥാർഥ കിസ്‌വയുടെ ഭാഗം തങ്ങളുടെ പക്കലുണ്ടെന്ന് നിരവധി പേർ വാദിക്കുന്നുണ്ട്. വാങ്ങിക്കുന്നതിന് ആഗ്രഹിക്കുന്നവരുടെ വിശ്വാസം ആർജിക്കുന്നതിന് അൽശൈബി കുടുംബത്തിന്റെ പേര് ഇവർ വലിച്ചിഴക്കുകയാണ്. എന്നാൽ ഇങ്ങിനെ വിൽക്കുന്നതിന് ശ്രമിക്കുന്ന വ്യാജ കിസ്‌വകളിൽ ഭൂരിഭാഗവും ഇന്ത്യയിലോ ഈജിപ്തിലോ നിർമിച്ചതാകും. ഒറിജിനൽ കിസ്‌വയുടെ ഉടമസ്ഥാവകാശം സർക്കാറിനാണ്. ഇവ പ്രത്യേക ഗോഡൗണിലാണ് സൂക്ഷിക്കുന്നതെന്നും അബ്ദുൽമലിക് അൽശൈബി പറഞ്ഞു. 
കിസ്‌വയുടെ ഭാഗങ്ങൾ വിൽക്കുന്നതിന് തങ്ങൾ ആർക്കും ലൈസൻസ് നൽകുന്നില്ലെന്നും ഇങ്ങനെ ലൈസൻസ് ലഭിച്ചതായി വാദിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മക്ക ഗവർണറേറ്റ് വക്താവ് സുൽത്താൻ അൽദോസരി പറഞ്ഞു. പുതിയ കിസ്‌വ നിർമിച്ച്, പഴയ കിസ്‌വ അഴിച്ചുമാറ്റി സൂക്ഷിച്ചുവെക്കുന്നതിനു വേണ്ടി പ്രത്യേക കമ്മിറ്റിക്ക് കൈമാറുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നതായി കിസ്‌വ ഫാക്ടറി ഡയറക്ടർ മുഹമ്മദ് ബാജോദ പറഞ്ഞു. കിസ്‌വയിൽ നിന്നുള്ള കഷ്ണമാണെന്ന വ്യാജേന നിരവധി പേർ കിസ്‌വക്ക് സമാനമായ ഭാഗങ്ങൾ വിൽപന നടത്തുന്നതിന് ശ്രമിച്ച് പരസ്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലൂടെയാണ് വ്യാജ കിസ്‌വ വിൽപന നടത്തുന്നതിന് ഏജന്റ് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നതോടെ പരസ്യം സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
 

Latest News