Sorry, you need to enable JavaScript to visit this website.

സോളാർ പീഡനക്കേസിന് വീണ്ടും ജീവൻ വെക്കുന്നു; സി.ബി.ഐ പുതിയ തെളിവുകൾ കണ്ടെത്തുമോ?

കോഴിക്കോട്- സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ കേസിലെ പ്രതിയായ ഹൈബി ഈഡൻ  താമസിച്ചിരുന്ന എം.എൽ.എ ഹോസ്റ്റലിൽ പരിശോധന നടത്തി കേസിന്റെ അന്വേഷണത്തിന് സി.ബി.ഐ തുടക്കം കുറിച്ചതോടെ  സോളാർ പീഡന കേസിന് വീണ്ടും ജീവൻ വെയ്ക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്കും ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിക്കും ഒരുപോലെ പരീക്ഷണത്തിന്റെ നാളുകളാണ് മുന്നിലുള്ളത്. 
അഞ്ച് വർഷത്തോളം അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടാതിരുന്ന കേസിൽ പുതിയ തെളിവുകളുമായി സി.ബി.ഐ എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.. കേസന്വേഷിക്കുന്ന സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇതുവരെ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇന്നലെ എം.എൽ.എ ഹോസ്റ്റലിൽ കേസിലെ വിവാദ നായികയായ പരാതിക്കാരിയെയും കൂട്ടി പരിശോധന നടത്തിയതോടെ ഇനി അന്വേഷണം വേഗത്തിൽ നീങ്ങുമെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി എന്നിവരെ കേസിൽ പ്രതിയാക്കിക്കൊണ്ടാണ് സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. ബലാൽസംഗം, സാമ്പത്തിക ചൂഷണം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ഏറ്റെടുത്തത്. 
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്  കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പ് കേസ് നടക്കുന്നത്. സോളാർ ലൈറ്റ് സ്ഥാപിച്ചു നൽകാമെന്നും ഇതിന്റെ ബിസിനസിൽ പങ്കാളികളാക്കാമെന്നും പറഞ്ഞ് വിവാദ നായികയായ പരാതിക്കാരിയായ യുവതിയും സുഹൃത്തും ചേർന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതോടെയാണ് സോളാർ കേസ് വെളിച്ചത്ത് വന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നെതെന്ന ആരോപണം ഉയർന്നതോടെ ഈ കേസ് കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. പരാതിക്കാരിയും സുഹൃത്തും കേസിൽ അറസ്റ്റിലായെങ്കിലും ഇടതുമുന്നണി ഈ കേസിനെ വലിയ രാഷ്ട്രീയ ആയുധമാക്കി പ്രക്ഷോഭത്തിനിറങ്ങി. ഇതേ തുടർന്ന് നിവ്യത്തിയില്ലാതെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പുറപ്പെടുവിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പതിമൂന്ന് മണിക്കൂറിലേറെ നേരമാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. കമ്മീഷൻ റിപ്പോർട്ട് പിന്നീട് സർക്കാർ പുറത്ത് വിട്ടു. 2016ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ആയുധമായിരുന്നു സോളാർ കേസ്.
2017ലാണ് കേസിലെ  യുവതി തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നിൽകിയത്. ഇതോടെ കേസിന് മറ്റൊരു മാനം കൈവരുകയായിരുന്നു. 2018 ൽ അന്നത്തെ പിണറായി വിജയൻ സർക്കാർ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പീഡന കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികൾക്കെതിരെ കാര്യമായ തെളിവുകൾ ലഭിച്ചില്ല. മാത്രമല്ല മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഇത് ഇടതു മുന്നണി സർക്കാറിന് വലിയ തിരിച്ചടിയായി. 
ക്ലിഫ് ഹൗസിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി മൊഴി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയും പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നാരോപിച്ച് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കാനും തയ്യാറായില്ല. ഇതിനിടയിൽ ഹൈബി ഈഡനെതിരെയുള്ള അന്വേഷണം കുറച്ച് കൂടി മുന്നോട്ട് പോയതായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സന്ദർശിക്കുകയും കത്ത് നൽകുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കഴിഞ്ഞ വർഷം ജനുവരിയിൽ പീഡന കേസ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിടുകയായിരുന്നു. ഇതിനെതിരെ യു.ഡി.എഫ് വലിയ വിമർശനവും ഉയർത്തി. അഞ്ച് വർഷം ഇടതുമുന്നണി സർക്കാർ ഭരിച്ചിട്ടും ഒരു തെളിവുപോലും കണ്ടെത്താൽ കഴിയാതിരുന്ന സർക്കാർ കോൺഗ്രസ് നേതാക്കളെ വീണ്ടും അപമാനിക്കാൻ വേണ്ടിയാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചതെന്നായിരുന്നു ആരോപണം.
കേസ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും ഒരു വർഷത്തിലേറെയായി ഫ്രീസറിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ഇന്നലെ അന്വേഷണം തുടങ്ങിയത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനായിരിക്കും സി.ബി.ഐ ശ്രമിക്കുക.
 

Latest News