Sorry, you need to enable JavaScript to visit this website.

കർഷകനെ ദൈവമായി കാണണം: ഉദ്യോഗസ്ഥരോട് മന്ത്രി പി.പ്രസാദ്

കൊച്ചി- കർഷകനെ ദൈവമായി കാണണമെന്ന് ഉദ്യോഗസ്ഥരോട് കാർഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ആവശ്യപ്പെട്ടു. കൃഷിഭവനിലെത്തി സഹായമഭ്യർത്ഥിക്കുന്ന കർഷകരെ തിരസ്‌കരിക്കരുത്. അവർക്ക് വേണ്ട സഹായം ഏതുവിധേനയും നൽകണമെന്നും കർഷകന് സമൂഹത്തിൽ അന്തസോടെ ജീവിക്കാൻ നാമെല്ലാവരും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ കൃഷി വകുപ്പ്, മണ്ണുപരിവേക്ഷണ  മണ്ണുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കായി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന കാമ്പയിനിന്റെ പരമപ്രധാന ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെ തടയാൻ വിഷരഹിതമായ പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണം. ഇന്ന് മനുഷ്യർ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പിന്നിലുള്ള പ്രധാന കാരണം തെറ്റായ ആഹാരരീതികളാണ്. കാർബൺ ന്യൂട്രൽ കൃഷിയിലൂടെയും ജൈവകൃഷിയിലൂടെയും ശുദ്ധമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാനാകും. ഇന്ത്യയിലാദ്യമായി കാർബൺ ന്യൂട്രൽ കൃഷി നടപ്പാക്കാൻ പോകുന്നത് കേരളത്തിലാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ പത്തുവർഷമായി ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ ജൈവകൃഷിയാണ് നടപ്പാക്കുന്നത്.
എല്ലാവരിലും കാർഷിക സംസ്‌കാരം ഉണർത്തുക, തരിശുഭൂമി കണ്ടെത്തി കൃഷി പ്രോത്സാഹിപ്പിക്കുക, എല്ലാ കുടുംബങ്ങളെയും ജൈവകൃഷിയിലേക്ക് കൊണ്ടുവരിക, ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിൽ മാത്രം ഒതുങ്ങാതെ മറ്റ് വകുപ്പുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത കൃഷി രീതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കൃഷിഭവൻ മുഖേന 100 ദിവസത്തിനുള്ളിൽ കുറഞ്ഞത് 10 സേവനമെങ്കിലും നൽകുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കർഷക ഗ്രൂപ്പുകൾ രൂപീകരിക്കുകയും കൃഷി വ്യാപിപ്പിക്കുകയും വേണം. കാർഷികവിളകളുടെ ഉത്പാദനത്തോടൊപ്പം അതിനനുസൃതമായ വിപണി കണ്ടെത്തേണ്ടതുണ്ട്. 'എന്റെ കൃഷിയിടം, എന്റെ വിപണി' എന്ന രീതിയിൽ ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള വിപണി മികച്ച ആശയമാണ്. ഇതുവഴി  ഒരുലക്ഷത്തിലധികം തൊഴിൽ സൃഷ്ടിക്കാനാകും. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതൽ ആളുകൾ കൃഷിയിലേക്ക് ഇറങ്ങും. പരമ്പരാഗതമായ കാർഷിക വിഭവങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു.
'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളെയും റാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്നും, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നവയ്ക്ക് പുരസ്‌കാരങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.
 

Latest News