കീവ്- ഉക്രൈയ്‌നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ വിചാരണ ചെയ്യണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ബുച്ച സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും അദ്ദേഹം സഖ്യരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു. ബുച്ചയിലെ കൊലക്ക് റഷ്യ ഉത്തരം പറയേണ്ടി വരുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മുന്നറിയിപ്പു നല്‍കി. നടന്നതെന്തെന്ന് അന്വേഷിക്കണമെന്ന് യു.എന്നും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. കൂട്ടക്കൊല നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ നിലപാട്.