Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ഗോത്ര പൈതൃക ഗ്രാമം ടൂറിസം പദ്ധതിയൊരുങ്ങുന്നു


വയനാട്ടിലെ വൈത്തിരി പഞ്ചായത്തിൽ ലക്കിടിക്കു സമീപം പട്ടികവർഗ വികസന, ടൂറിസം വകുപ്പുകൾ സംയുക്തമായി  എൻ ഊര് എന്ന പേരിൽ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനു ഒരുങ്ങുന്നു. 10 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കിയ പദ്ധതി ഈ മാസം  സന്ദർശകർക്കു തുറന്നുകൊടുക്കും.  
മാനന്തവാടി ട്രൈബൽ പ്ലാന്റേഷൻ സഹകരണ സംഘത്തിന്റെ കൈവശം ലക്കിടിയിലുള്ളതിൽ 25 ഏക്കറിലാണ് എൻ ഊര്  ടൂറിസം പദ്ധതി. ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സംരക്ഷണം, പരിപോഷണം, പ്രചാരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  
വിദേശികളക്കം സഞ്ചാരികളെ ആകർഷിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഗോത്ര വിഭാഗങ്ങളുടെ കരകൗശല വസ്തുക്കൾ, പരമ്പരാഗത ഭക്ഷണം, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനവും പദ്ധതിയുടെ ഭാഗമാണ്.
മാനന്തവാടി സബ്കലക്ടറായിരുന്ന എൻ.പ്രശാന്ത് 2012 ൽ മുന്നോട്ടു വെച്ചതാണ് എൻ ഊര് പദ്ധതി. സാങ്കേതിക തടസ്സങ്ങൾ മൂലം 2016 ലാണ് പ്രവൃത്തി തുടങ്ങിയത്. നിർമിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികളുടെ ഒന്നാം ഘട്ടം 2018 ൽ പൂർത്തിയായി. പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്സിബിഷൻ ഹാൾ എന്നിവയാണ് പ്രഥമ ഘട്ടത്തിൽ പണിതത്. 
ടൂറിസം വകുപ്പിന്റെ ഫണ്ട്  ചെലവഴിച്ച് ഓപൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്ക്‌വേ, ചിൽഡ്രൻസ് പാർക്ക്, ആർട് ആൻഡ് ക്രാഫ്ട് വർക്ക്‌ഷോപ്പ് തുടങ്ങിയവയാണ് രണ്ടം ഘട്ടത്തിൽ നിർമിച്ചത്. ടൂറിസം കേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ 50 പേർക്കു നേരിട്ടും 1000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നു എൻ ഊര് സെക്രട്ടറി  വി.ബാലകൃഷ്ണൻ പറഞ്ഞു.  


ഡിസർവ് ചെയ്യാത്തതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വനഭൂമിയിൽ ആദിവാസികളെ മറയാക്കി  നിയമ വിരുദ്ധമായാണ് ടൂറിസം പദ്ധതി  നടപ്പിലാക്കുന്നതെന്ന ആരോപണം പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.  ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു അനുവദിച്ച ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 
വൈത്തിരി താലൂക്കിലെ  കുന്നത്തിടവക വില്ലേജിൽ പൂക്കോട് ഡയറി പ്രോജക്ടിന്റെ ഭാഗമായിരുന്ന ഭൂമിയിലാണ് ടൂറിസം പദ്ധതി. ഡയറി പ്രോജക്ടിനായി  531.1675 ഹെക്ടർ വനഭൂമിയാണ്  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1978 ൽ കേരള സർക്കാരിനു കൈമാറിയത്. ഇത്രയും ഭൂമിക്കു നെറ്റ് പേർസന്റ് വാല്യൂ ആയി സംസ്ഥാന സർക്കാർ അടയ്‌ക്കേണ്ട ഏകദേശം 500 കോടി രൂപ സുപ്രീം കോടതി ഒഴിവാക്കുകയുമുണ്ടായി. പ്രോജക്ട് ആദിവാസി പുനരധിവാസത്തിനാണെന്നതു കണക്കിലെടുത്തായിരുന്നു ഇത്. ലക്ഷ്യം കാണാതെ  ഉപേക്ഷിച്ച ഡയറി പ്രോജക്ടിൽ ഉൾപ്പെട്ടതിൽ 100 ഹെക്ടർ റവന്യൂ വകുപ്പ് മാനന്തവാടി ട്രൈബൽ പ്ലാന്റേഷൻ സഹകരണ സംഘത്തിനു കൈമാറിയിരുന്നു. ഈ സ്ഥലത്തിന്റെ ഭാഗമാണ് എൻ ഊര് ടൂറിസം പദ്ധതിക്കു ഉപയോഗപ്പെടുത്തിയത്. 
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്ക്കു  വിട്ടുകൊടുത്ത 100  ഏക്കർ ഭൂമിയും പൂക്കോട് ഡയറി പ്രോജക്ടിൽ ഉൾപ്പെട്ടതാണ്. 
ആദിവാസികളുടെ ഉപജീവനത്തിനും ഉന്നമനത്തിനും ഉതകാത്ത ടൂറിസം പദ്ധതി പരിസ്ഥിതിക്കു കനത്ത ആഘാതം ഏൽപിക്കുകയും സാമൂഹിക വിപത്തുകൾക്കു കാരണമാകുകയും ചെയ്യുമെന്നാണ്  പ്രകൃതി സംരക്ഷണ സമിതിയുടെ അഭിപ്രായം. 
പുൽമേടുകളും ചോലക്കാടും ഉൾപ്പെടുന്നതാണ് ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമി. സമുദ്ര നിരപ്പിൽനിന്നു ഏകദേശം 1100 അടി ഉയരത്തിലാണിത്. 
പശ്ചിമഘട്ട സംക്ഷണം മുൻനിർത്തി ഗാഡ്ഗിൽ, കസ്തുരി രംഗൻ കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ പരിസ്ഥിതി ദുർബലമായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

Latest News